അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ അഴിമതി;കരാര്‍ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത് ജില്ലാ കലക്റ്റര്‍
കട്ടപ്പന: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മറവില്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ നടന്ന വന്‍ അഴിമതിയില്‍ നടപടിയുമായി ജില്ലാ കലക്റ്റര്‍. അഴിമതിക്ക് കൂട്ടു നിന്ന അഞ്ച് കരാര്‍ ജീവനക്കാരെ കലക്റ്റര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. അഴിമതിക്കാരെ സംരക്ഷിക്കാന്‍ പഞ്ചായത്ത് ഭരണ നേതൃത്വം നടത്തുന്ന നീക്കം മറികടന്നാണ് കലക്റ്ററുടെ ഇടപെടല്‍.
കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന അക്രഡിറ്റഡ് എഞ്ചിനീയര്‍, രണ്ട് ഓവര്‍സീയര്‍മാര്‍, രണ്ട് അക്കൗണ്ടന്റ് കം ഐ.റ്റി അസിസ്റ്റന്റുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
രണ്ടാഴ്ച്ച മുമ്പാണ് പഞ്ചായത്തില്‍ വര്‍ഷങ്ങളായി നടന്നു വന്ന അഴിമതിയുടെ വിവരങ്ങള്‍ പുറത്തു വരുന്നത്. മുന്‍ പഞ്ചായത്ത് ഭരണസമിതിയും ഇപ്പോഴത്തെ പഞ്ചായത്ത് ഭരണ സമിതിയും ഒരുപോലെ പ്രതികൂട്ടില്‍ വരുന്ന അഴിമതി മൂടി വയ്ക്കാനായിരുന്നു ഭരണ തലത്തില്‍ നീക്കം നടത്തിയത്. എന്നാല്‍ മാധ്യമങ്ങളിലൂടെ വിവരം പുറത്തു വന്നതോടെ കരാര്‍ ജീവനക്കാരെ മാറ്റി നിര്‍ത്തി അന്വേഷണം നടത്താന്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും പ്രതിപക്ഷ സഹായത്തോടെ അനുമതി നേടി. എല്ലാവരെയും ജോലിയില്‍ നിന്നും മാറ്റിയാല്‍ തൊഴിലുറപ്പ് പണികള്‍ മുടങ്ങുമെന്ന് ചൂണ്ടിക്കാട്ടി ഇവരെ വീണ്ടും തിരിച്ചെടുക്കാന്‍ നീക്കം നടത്തവെയാണ് വീണ്ടും പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടല്‍ സംബന്ധിച്ച് വാര്‍ത്ത പുറത്തു വരുന്നത്. ഇതോടെ കലക്റ്റര്‍ വിഷയത്തില്‍ ഇടപെടുകയും കരാര്‍ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മറവില്‍ പഞ്ചായത്തില്‍ നിന്നും 2.85 ലക്ഷം രൂപയുടെ വെട്ടിപ്പ് നടത്തിയെന്ന് അംഗങ്ങള്‍ അടക്കം കണ്ടെത്തിയതോടെയാണ് തട്ടിപ്പ് വിവരം പുറത്തു വരുന്നത്. പഞ്ചായത്തിലെ താല്കാലിക ജീവനക്കാരായ രണ്ട് യുവതികളാണ് തട്ടിപ്പിന് ചുക്കാന്‍ പിടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരെ സംരക്ഷിക്കുന്നതിനായിട്ടായിരുന്നു പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കമുള്ളവരുടെ ശ്രമം. 2017-18 മുതല്‍ നടത്തിയ മെറ്റീരിയല്‍ വര്‍ക്കിലെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. 967 മെറ്റീരിയല്‍ വര്‍ക്കിന്റെ ബോര്‍ഡു സ്ഥാപിക്കാന്‍ ആക്റ്റിവിറ്റി ഗ്രൂപ്പ് ഉണ്ടാക്കിയാണ് തുടക്കം. നിയമവിരുദ്ധമായി സി.ഡി.എസ്. ചെയര്‍ പേഴ്സനെ പ്രധാന ഭാരവാഹിയാക്കി ഏഞ്ചല്‍ ആക്റ്റിവിറ്റി ഗ്രൂപ്പ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് വര്‍ക്ക് ബോര്‍ഡ് നിര്‍മിക്കാന്‍ ഈ ഗ്രൂപ്പിന്റെ പേരില്‍ ഭരണ പക്ഷത്തെ രണ്ടു പഞ്ചായത്ത് അംഗങ്ങള്‍ക്ക് കരാര്‍ നല്കി. ഒരു ബോര്‍ഡിന് 2952 രൂപയായിരുന്നു കരാര്‍ തുക. ഒരു ബോര്‍ഡിന് ചിലവാകുന്നതിന്റെ നാലിരട്ടി തുകയായിരുന്നു ഇത്. ഇതിനു ശേഷം കമ്പ്യൂട്ടര്‍ എന്‍ട്രികളില്‍ ഇരട്ടിപ്പു വരുത്തിയും ക്രമക്കേടു നടത്തി. ഇത്തരത്തില്‍ ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
ഇതു സംബന്ധിച്ച് മസ്റ്ററോള്, എം ബുക്ക്, വര്‍ക്ക് കോഡ് തുടങ്ങിയ ഉള്‍പ്പെടുന്ന രജിസ്റ്ററോ, മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. ക്രമക്കേട് ശ്രദ്ധയില്‍ പെട്ടതോടെ പഞ്ചായത്തു സെക്രട്ടറി ജെ.പി.സി., ബി.ഡി.ഒ. എന്നിവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.