എല്ലാ സ്ഥാപനങ്ങളിലും സ്വന്തം ആളുകളെ നിയമിച്ച് കാര്യങ്ങള്‍ നിയന്ത്രിക്കുന്നു; ആര്‍എസ്എസിനെതിരെ രാഹുല്‍ ഗാന്ധി
ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളിലും ആര്‍എസ്എസ് സ്വന്തം ആളുകളെ നിയമിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് ശേഷം ആദ്യമായി ലഡാക്കില്‍ സന്ദര്‍ശനം നടത്തുകയാണ് രാഹുല്‍. ഇതിനിടെയാണ് ആര്‍എസ്എസിനെതിരായ പരാമര്‍ശം.
ആര്‍എസ്എസ് ആണ് ഭരണകക്ഷിയായ ബിജെപിയുടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. എല്ലാ സ്ഥാപനങ്ങളിലും സ്വന്തം ആളുകളെ നിയമിച്ചാണ് ആര്‍എസ്എസ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ‘കേന്ദ്രസര്‍ക്കാരിലെ ഏതെങ്കിലും മന്ത്രിമാരോട് ചോദിച്ചാലും അവരുടെ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തുന്നില്ലെന്ന് പറയും. ആര്‍എസ്എസ് നിയോഗിച്ചവരാണ് യഥാര്‍ത്ഥത്തില്‍ ഈ മന്ത്രാലയങ്ങള്‍ കൈകാര്യം ചെയ്യുന്നതും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും’ രാഹുല്‍ ആരോപിച്ചു.
ലേയില്‍ നടന്ന ഒരു പരിപാടിയിലും രാഹുല്‍ ഗാന്ധി പങ്കെടുക്കുകയും യുവാക്കളുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
‘1947 ല്‍ സ്വാതന്ത്ര്യം ഇന്ത്യയ്ക്ക് ലഭിച്ചു. ഇന്ത്യയിലെ സ്വാതന്ത്ര്യത്തിന്റെ ഏകീകരണമാണ് ഭരണഘടന. ഭരണഘടന എന്നത് ഒരു കൂട്ടം നിയമങ്ങളാണ്. ഭരണഘടനയെ പ്രാവര്‍ത്തികമാക്കുന്നത്, ഭരണഘടനയുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിലൂടെയാണ്. എന്നാല്‍
ബി ജെ പിയും ആര്‍ എസ് എസും സ്വന്തം ആളുകളെ സ്ഥാപനങ്ങളുടെ പ്രധാന സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്’ അദ്ദേഹം കുറ്റപ്പെടുത്തി. ലേയില്‍ നടന്ന ഫുട്‌ബോള്‍ മത്സരം കാണാനും രാഹുല്‍ ഗാന്ധി എത്തിയിരുന്നു.