അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവം ; സ്കൂൾ ഹെഡ്‍മാസ്റ്റർക്കും എഇഒ ക്കും സസ്പെൻഷൻ
കോട്ടയം: കോട്ടയത്ത് അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ എല്‍.പി സ്കൂള്‍ ഹെഡ്‍മാസ്റ്ററെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെയും സസ്പെൻഡ് ചെയ്തു. കോട്ടയം ചാലുകുന്ന് സി.എൻ.ഐ എൽ.പി.എസ് ഹെഡ്മാസ്റ്റർ സാം ജോൺ ടി . തോമസ്, കോട്ടയം വെസ്റ്റ് എ.ഇ.ഒ മോഹൻദാസ് എം.കെ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്താൻ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിന് നിര്‍ദേശം നല്‍കിയിരുന്നു.
ഇന്ന് രാവിലെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ചാലുകുന്ന് സി.എൻ.ഐ എൽ.പി.എസ് ഹെഡ്മാസ്റ്റർ സാം ജോൺ ടി . തോമസ് വിജിലന്‍സിന്റെ പിടിയിലായത്. സ്കൂളില്‍ വെച്ചായിരുന്നു ഇയാളെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശിനിയായ മറ്റൊരു സ്കൂളിലെ അധ്യാപിക വിജിലന്‍സിന് നല്‍കിയ പരാതി അനുസരിച്ച് വിജിലന്‍സ് സംഘം സ്കൂളിലെത്തുകയായിരുന്നു.
പരാതിക്കാരിയായ അധ്യാപികയുടെ സേവന കാലാവധി റെഗുലറൈസ് ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോട്ടയം വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എഇഒയ്ക്ക് കൈക്കൂലി നല്‍കി ഇത് വേഗത്തില്‍ ശരിയാക്കി തരാമെന്ന് കോട്ടയം ചാലുകുന്നിലെ സി.എന്‍.ഐ എല്‍.പി. സ്കൂളില്‍ ഹെഡ്മാസ്റ്ററായ സാം ജോണ്‍ റ്റി തോമസ് ഇവരോട് പറഞ്ഞു. പതിനായിരം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
അധ്യാപിക ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചു. രാവിലെ തന്നെ വിജിലന്‍സ് സംഘം സ്കൂളിന് സമീപത്ത് എത്തിയിരുന്നു. പതിനൊന്ന് മണിക്ക് ഹെഡ്‍മാസ്റ്റര്‍ അധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങിയപ്പോള്‍ തന്നെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടി. കൈക്കൂലി വാങ്ങിയ സംഭവത്തില്‍ എഇഒയ്ക്കും പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ഇത് സംബന്ധിച്ച് പ്രത്യേക പരിശോധനകൾ ഉണ്ടാകുമെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ ആണെന്നത് ഓർക്കുന്നത് നന്നാവുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.