മധ്യവർഗ ഇന്ത്യക്കാരുടെ ശരാശരി വരുമാനത്തിൽ വൻ വർധന; 9 വർഷത്തിനിടെ മൂന്നിരട്ടി കൂടിയതായി SBI റിസർച്ച് റിപ്പോർട്ട്
മധ്യവർഗ ഇന്ത്യക്കാരുടെ ശരാശരി വരുമാനത്തിൽ വൻ വർധന ഉണ്ടായതായും 9 വർഷത്തിനിടെ മൂന്നിരട്ടി കൂടിയതായും റിപ്പോർട്ട്. സാമ്പത്തിക വർഷം 2013 മുതൽ സാമ്പത്തിക വർഷം 2022 വരെയുള്ള കാലയളവിലാണ് ഈ വർധനയെന്ന് എസ്ബിഐ നടത്തിയ പഠനത്തിൽ പറയുന്നു. മധ്യവർഗ ഇന്ത്യക്കാരുടെ ശരാശരി വരുമാനം 2012-13 സാമ്പത്തിക വർഷത്തിൽ (FY13) 4.4 ലക്ഷം രൂപ ആയിരുന്നു എങ്കിൽ 2022 ൽ അത് 13 ലക്ഷം രൂപയായി ഉയർന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
2047 ഓടെ മധ്യവർഗ ഇന്ത്യക്കാരുടെ ശരാശരി വരുമാനം 49.70 ലക്ഷം രൂപയായി ഉയരുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2022-ൽ സമർപ്പിച്ച 78 ദശലക്ഷം റിട്ടേണുകളിൽ 75 ശതമാനവും നിശ്ചിത തീയതിക്ക് മുമ്പോ അതിന് മുമ്പോ ഫയൽ ചെയ്തവയാണ്. അതായത്, 25 ശതമാനം റിട്ടേണുകൾ മാത്രമാണ് വൈകി ഫയൽ ചെയ്തത്. എന്നാൽ 2019 സാമ്പത്തിക വർഷത്തിൽ 60 ശതമാനം നികുതി റിട്ടേണുകളാണ് വൈകി ഫയൽ ചെയ്തത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നാണ് 2022 സാമ്പത്തിക വർഷത്തേക്ക് ഫയൽ ചെയ്ത ഐടിആറുകളുടെ 48 ശതമാനവും. ചെറിയ സംസ്ഥാനങ്ങളും ഇക്കാര്യത്തിൽ വളർച്ച രേഖപ്പെടുത്തി. മണിപ്പൂർ, മിസോറാം, നാഗാലാൻഡ് എന്നീ ചെറിയ സംസ്ഥാനങ്ങളിൽ നിന്നും കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഫയൽ ചെയ്ത ഐടിആറുകളിൽ 20 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്.