നെടുംകണ്ടത്ത് ഉറങ്ങിക്കിടന്ന ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ 3 പേർ അറസ്റ്റിൽ. അറസ്റ്റിലായത് നായാട്ട് സംഘത്തിലുള്ളവർ
ഇടുക്കി നെടുംകണ്ടത്ത് ഉറങ്ങിക്കിടന്ന ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ 3 പേർ അറസ്റ്റിൽ.മാവടി തകിടിയേൽ സജി ജോൺ(50),മുകളേപ്പറമ്പിൽ ബിനു ബേബി (40),തിങ്കൾക്കാട് കല്ലിടുക്കിൽ വിനീഷ് മനോഹരൻ (38)എന്നിവരാണ് പിടിയിലായത്.മൂന്ന് പേരും നായാട്ട് സംഘാഗങ്ങളാണ്.നാടൻ തോക്ക് ഉപയോഗിച്ച് വന്യ മൃഗത്തിന് നേരെ വെടിയുതിർത്തപ്പോൾ അബദ്ധത്തിൽ വീട്ടിൽ ഉറങ്ങികിടന്ന മാവടി സ്വദേശി സണ്ണിയ്ക്ക് വെടി കൊള്ളുകയായിരുന്നു എന്നാണ് പ്രതികൾ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയെന്നാണ് സൂചന.ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം.വെടിയൊച്ച കേട്ട് മറ്റൊരു മുറിയില്‍ കിടക്കുകയായിരുന്ന സണ്ണിയുടെ ഭാര്യ സിനി നോക്കിയപ്പോള്‍ കിടക്കയില്‍ രക്തം വാര്‍ന്ന നിലയില്‍ സണ്ണിയെ കണ്ടെത്തുകയായിരുന്നു. വെടിയേറ്റാണ് സണ്ണി മരിച്ചതെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. മൃതദേഹത്തിൽ നിന്നും നെറ്റിയിൽ തറച്ച നിലയിൽ നാടൻ തോക്കിൽ ഉപയോഗിക്കുന്ന തിരയ്ക്ക് സമാനമായ ലോഹ ഭാഗം കണ്ടെത്തി.തുടർന്ന് നടത്തിയ പരിശോധനയിലാണ് സണ്ണി കിടന്നുറങ്ങിയ കട്ടിലിന് അഭിമുഖമായുള്ള അടുക്കള വാതിലിൽ നിന്നും തറച്ചു കയറിയ നിലയിൽ അഞ്ച് തിരകൾ കണ്ടെത്തിയത്. ഇതോടെയാണ് പുറത്തു നിന്നുള്ളയാളാണ് വെടിയുതിർത്തതെന്ന നിഗമനത്തിൽ പോലീസെത്തിയത്. നായാട്ട് സംഘത്തെ ചുറ്റിപറ്റിയാണ് പോലീസിന്റെ അന്വേഷണം പുരോഗമിച്ചിരുന്നത്.