എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ജനാഭിമുഖ കുർബാന അർപ്പിച്ച് ഒരു വിഭാഗം വൈദികരും വിശ്വാസികളും
മാസങ്ങളായി അടഞ്ഞു കിടന്ന എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ജനാഭിമുഖ കുർബാന അർപ്പിച്ച് ഒരു വിഭാഗം വൈദികരും വിശ്വാസികളും. വത്തിക്കാൻ പ്രതിനിധിയുടെ സന്ദർശനത്തെ തുടർന്ന് സംഘർഷമുണ്ടായതിന് തൊട്ട് പിന്നാലെ യാണ് ഇരുന്നൂറിലധികം വൈദികരും ആയിരത്തിലധികം വിശ്വാസികളും ഇന്ന് ജനാഭിമുഖ കുർബാന അർപ്പിച്ചത്. അതേസമയം വിമത വിഭാഗവുമായി അനന്തമായ ചർച്ച ഇനി സാധ്യമല്ലെന്ന് വത്തിക്കാൻ പ്രതിനിധി നിലപാട് അറിയിച്ചു. ഏകീകൃത കുർബാന അംഗീകരിക്കില്ലെന്നും പൊന്തിഫിക്കൽ ഡെലിഗേറ്റിന് വഴങ്ങില്ലെന്നും പ്രഖ്യാപിക്കുകയാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും. വൈകിട്ട് നാലുമണിയോടെ ജനാഭിമുഖ കുർബാനയെ പിന്തുണക്കുന്ന വൈദികരും വിശ്വാസികളും ബിഷപ്പ് ഹൗസിൽ നിന്ന് ബസിലിക്കയിലേക്ക് പ്രതീക്ഷിണമായെത്തി.
മാസങ്ങൾക്ക് ശേഷം തുറന്ന സെന്റ്‌മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ സിനഡ് തീരുമാനം മറികടന്നു മുതിർന്ന വൈദികരുടെ നേതൃത്വത്തിൽ ജനാഭിമുഖ കുർബാന അർപ്പിച്ചു.
ഇതിനിടെ വിശ്വാസികൾ പടക്കം പൊട്ടിച്ച് ആഘോഷിച്ചു. ജനാഭിമുഖ കുർബാനയെ പിന്തുണച്ചുകൊണ്ട് വിവിധ ഇടവകകൾ പ്രമേയം തയ്യാറാക്കി. എന്നാൽ, പ്രതിഷേധക്കാർക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് വത്തിക്കാൻ പ്രതിനിധി. അനന്തമായ ചർച്ച ഇനി സാധ്യമല്ലെന്ന് മാർ സിറിൽ വാസിൽ.
അതേസമയം, ഇന്നലെയുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു.
ഇനി വിമതവിഭാഗവുമായി യാതൊരു ചർച്ചയും ഇല്ലെന്ന് വത്തിക്കാൻ പ്രതിനിധി നിലപാട് കടുപ്പിക്കുന്നു. എന്നാൽ അതേസമയം ഏകീകൃത കുർബാന അർപ്പണരീതി അംഗീകരിക്കില്ലെന്ന നിലപാട് ആവർത്തിക്കു കൂടിയാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും. അങ്ങനെയെങ്കിൽ പ്രശ്‌നത്തിന് എങ്ങനെ പരിഹാരം കാണും എന്നതാണ് സഭാ നേതൃത്വത്തെ കുഴപ്പിക്കുന്നത്.