‘പുതുപ്പള്ളിയില്‍ വികസനം ചര്‍ച്ച ചെയ്താല്‍ ലാഭം യുഡിഎഫിനാകും’; ഉമ്മന്‍ ചാണ്ടിയ്ക്ക് നൂറ് മാര്‍ക്കെന്ന് പി കെ കുഞ്ഞാലിക്കുട്ടി
പുതുപ്പള്ളിയില്‍ വികസനം ചര്‍ച്ച ചെയ്താല്‍ ലാഭം യുഡിഎഫിനെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പുതുപ്പള്ളിയില്‍ ഏത് അളവുകോലില്‍ നോക്കിയാലും ഉമ്മന്‍ചാണ്ടിക്ക് നൂറ് മാര്‍ക്ക് നല്‍കാമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. അഞ്ച് പതിറ്റാണ്ടുകൊണ്ട് പുതുപ്പള്ളിയിലെ ജനങ്ങള്‍ക്ക് കിട്ടിയത് മികച്ച നേട്ടങ്ങളാണ്. ഉമ്മന്‍ചാണ്ടിയാണ് കേരളത്തില്‍ വികസനമെത്തിച്ചത്. യുഡിഎഫിന്റെ വിജയസാധ്യത വഴിതിരിച്ച് വിടാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഉമ്മന്‍ചാണ്ടിയോടുള്ള വൈകാരികത മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ പ്രചരണത്തിനായി എത്തിയപ്പോഴായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ പര്യടനം രാവിലെ ഏഴിന് പുതുപ്പള്ളിയില്‍ നിന്ന് ആരംഭിച്ചിരുന്നു. മണ്ഡലത്തിലെ ആറ് നാല് പഞ്ചായത്ത്കളിലാണ് ഇന്ന് പര്യടനം ഉണ്ടാവുക. പ്രധാന നേതാക്കള്‍ വിവിധ പരിപാടികളില്‍ സംസാരിക്കും. ജെയ്ക് സി തോമസ് ഇന്നും സ്വകാര്യ സന്ദര്‍ശനങ്ങളിലാണ്. മന്ത്രി വിഎന്‍ വാസവനൊപ്പം പ്രമുഖ വ്യക്തികളെ കണ്ട് പിന്തുണ തേടുകയാണ് ജെയ്ക്. എല്‍ഡിഎഫിന്റെ ബൂത്ത് തല യോഗങ്ങളില്‍ പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. നാളെയാണ് ജെയ്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ ഇന്നലെ മണ്ഡലത്തില്‍ ആദ്യ പര്യടനം നടത്തി. ഇന്ന് പുതുപ്പള്ളിയില്‍ നിന്ന് പര്യടനം പരിപാടികള്‍ ആരംഭിക്കും. കേന്ദ്ര മന്ത്രിമാര്‍ അടക്കം ലിജിന് വേണ്ടി പ്രചാരണത്തിനെത്തും.
പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ യുഡിഎഫ് ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജെയ്ക് സി.തോമസും എത്തി. ചാണ്ടി ഉമ്മനും ജെയ്ക് സി തോമസും മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി കഴിഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന നിയമസഭ സീറ്റിലേക്ക് സെപ്റ്റംബര്‍ അഞ്ചിനാണ് ഉപതിരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.