സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി
ദില്ലി: 77 മത് സ്വാതന്ത്രദിനാഘോഷ നിറവില്‍ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. പത്താംതവണയാണ് നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നത്. സെൻട്രല്‍ വിസ്ത നിര്‍മ്മാണ തൊഴിലാളികള്‍ അടക്കമുള്ള 1800 പേര് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പ്രത്യേക ക്ഷണിതാക്കളാണ്. വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും. കഴിഞ്ഞ 9 വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരിക്കുന്നതിനൊപ്പം പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങളും സ്വാതന്ത്ര്യ ദിനത്തില്‍ മോദി നടത്തിയേക്കും. ദില്ലി ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിലും അതിര്‍ത്തി പ്രദേശങ്ങളിലും സ്വാതന്ത്ര്യത്തോടനുബന്ധിച്ച് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തൊടനുബന്ധിച്ച് സംസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9 ന് തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയര്‍ത്തും. തുടര്‍ന്ന് വിവിധ സേനാ വിഭാഗങ്ങളുടെ പരേഡില്‍ അഭിവാദ്യം സ്വീകരിക്കും. രാജ്ഭവനില്‍ രാവിലെ 9.30 ക്ക് ഗവര്‍ണ്ണര്‍ പതാക ഉയര്‍ത്തും. നിയമസഭയില്‍ സ്പീക്കര്‍ എഎൻ ഷംസീര്‍ പതാക ഉയര്‍ത്തും. വിവിധ പാര്‍ട്ടി ആസ്ഥാനങ്ങളിലും സര്‍ക്കാര്‍ ഓഫീസികളിലും ദേശീയ പതാക ഉയര്‍ത്തും.