കണ്‍സള്‍ട്ടന്റ് ഒഴിവ്
ഇളംദേശം ബ്ലോക്കില്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം (എസ് വി ഇ പി) നടപ്പാക്കുന്നതിന്റെ ഭാഗമായി മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരുടെ (എം ഇ സി) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ ഗ്രാമീണമേഖലയില്‍ സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതിന് ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാനാവശ്യമായ പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പദ്ധതിയാണ് എസ് വി ഇ പി. നിലവില്‍ ജില്ലയില്‍ ഇടുക്കി ബ്ലോക്കില്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.
പ്ലസ്ടു വിജയമാണ് കണ്‍സള്‍ട്ടന്റ് തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 25-45. അപേക്ഷകര്‍ അയല്‍ക്കൂട്ട അംഗമോ അയല്‍ക്കൂട്ട കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. സ്ത്രീകള്‍ക്കും കട്ടപ്പന ബ്ലോക്ക് പരിധിയില്‍ ഉള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ വിവിധ ഘട്ടങ്ങളിലായി 47 ദിവസത്തെ റെസിഡന്‍ഷ്യല്‍ പരിശീലനത്തില്‍ പങ്കെടുക്കണം. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടോപ്പം പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയുടെ പകര്‍പ്പ്, സിഡിഎസ് ചെയര്‍പേഴ്സന്റെ സാക്ഷ്യപത്രം എന്നിവയുണ്ടായിരിക്കണം. അപേക്ഷകള്‍ സെപ്തംബര്‍ 10 ന് വൈകിട്ട് 5 മണിക്ക് മുന്‍പ് ജില്ലാ പ്രോഗ്രാം മാനേജര്‍(എസ് വി ഇ പി പദ്ധതി), കുടുംബശ്രീ ബി ആര് സി ഓഫീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ബില്‍ഡിങ് മൂന്നാംനില, തടിയമ്പാട് പി ഒ, പിന്‍കോഡ്-685602 എന്ന വിലാസത്തില്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ സമര്‍പ്പിക്കണം. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷയുടെ പുറത്ത് എസ് വി ഇ പി ഇളംദേശം ബ്ലോക്ക് – എം ഇ സി അപേക്ഷ എന്ന് ചേര്‍ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് സിഡിഎസ് ഓഫീസുമായി ബന്ധപ്പെടാം.