രാജാക്കാട് സിപിഐ അസിസ്റ്റന്റ് ലോക്കൽ സെക്രട്ടറിക്ക് പാർട്ടി ഓഫിസിൽവച്ച് കുത്തേറ്റു; പ്രതി അറസ്റ്റിൽ
രാജാക്കാട് സിപിഐ ഓഫിസിൽ വച്ച് സിപിഐ അസിസ്റ്റന്റ് ലോക്കൽ സെക്രട്ടറിക്ക് കുത്തേറ്റു. രാജാക്കാട് മുക്കുടി സ്വദേശി എം.എ.ഷിനുവിനാണ് കുത്തേറ്റത്. സംഭവത്തിൽ മുക്കുടി സ്വദേശി അരുൺ (35) നെ പൊലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഏഴുമണിയോടെ ആയിരുന്നു സംഭവം. പാർട്ടി ഓഫിസിന്റെ
ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ വാടക കുടിശികയുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. രാജാക്കാട് ടൗണിലെ സിപിഐയുടെ കെട്ടിടത്തിൽ സ്ഥാപനം നടത്തിവരികയായിരുന്നു അരുൺ.
കഴിഞ്ഞ മാസം ഈ കെട്ടിടത്തിൽ നിന്നും അരുൺ സ്ഥാപനത്തിന്റെ പ്രവർത്തനം മാറ്റി. എന്നാൽ സെക്യൂരിറ്റി തുക ലഭിച്ചിരുന്നില്ല. ഇതേതുടർന്ന് അരുൺ പാർട്ടി ഓഫീസിൽ എത്തുകയും, വാക്കുതർക്കം ഉണ്ടാവുകയും കൈയിൽ കരുതിയ കത്തികൊണ്ട് ഷിനുവിനെ കുത്തുകയുമായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വയറിന് പരിക്കേറ്റ ഷിനുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണ്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.