സ്വവര്‍ഗ ലൈംഗീകത, വിവാഹേതര ബന്ധം: കുറ്റകരമാക്കുന്ന വകുപ്പുകള്‍ ഒഴിവാക്കി ക്രിമിനല്‍ നിയമ ഭേദഗതി ബില്‍
സ്വവര്‍ഗ ലൈംഗീക ബന്ധം, വിവാഹേതര ബന്ധം, തുടങ്ങിയവ കുറ്റകരമാക്കുന്ന വകുപ്പുകള്‍ ഒഴിവാക്കി ക്രിമിനല്‍ നിയമ ഭേദഗതി ബില്‍. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഇത്തരം വകുപ്പുകള്‍ ഭരണഘടനാവിരുദ്ധമെന്ന് സുപ്രീം കോടതി നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. മറ്റൊരാളുടെ ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന 497-ാം വകുപ്പും സ്വവര്‍ഗബന്ധം കുറ്റകരമാക്കുന്ന 377-ാം വകുപ്പും ഭരണഘടനാ വിരുദ്ധമെന്നായിരുന്നു 2018 ലെ വ്യത്യസ്ത വിധികളിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയത്.
എന്നാല്‍ വിവാഹബന്ധത്തിലെ ബലമായ ലൈംഗികവേഴ്ച സംബന്ധിച്ച വിവാദ വ്യവസ്ഥ പുതിയ ബില്ലിലും നിലനിര്‍ത്തി. പ്രായപൂര്‍ത്തിയായ സ്വന്തം ഭാര്യമായുള്ള ലൈംഗികബന്ധം, ലൈംഗിക പ്രവൃത്തികള്‍ എന്നിവ പീഡനപരിധിയില്‍ വരില്ലെന്നാണ് ഇതിലുള്ളത്. ബില്ലിലെ 63-ാം വകുപ്പിലാണ് ഇതുള്ളത്. ഭാര്യയ്ക്ക് 18 വയസ്സിനു താഴെയാണു പ്രായമെങ്കില്‍ ഇതു പീഡനമാകും. നിലവിലെ ഐപിസിയില്‍ ഭാര്യയ്ക്ക് 15 വയസ്സിനു താഴെയാണു പ്രായമെങ്കില്‍ മാത്രമാണ് പീഡനത്തിന്റെ പരിധിയില്‍ വരിക.
പുതിയ ബില്‍ അംഗീകരിക്കപ്പെട്ടാല്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ വകുപ്പുകള്‍ ശിക്ഷാനിയമത്തില്‍ ഇനി ഒറ്റ അധ്യായനത്തിനു കീഴിലാകും. ബില്ലിലെ 5-ാം അധ്യായത്തിലാണ് ഇവ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലൈംഗികാതിക്രമം, അക്രമം, വിവാഹവുമായി ബന്ധപ്പെട്ടവ, ഗര്‍ഭം അലസിപ്പിക്കല്‍, കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ അധ്യായം. നിലവിലുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തില്‍ പല അധ്യായങ്ങളിലാണ് ഈ വകുപ്പുകള്‍ നിലവില്‍ ഉള്ളത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചാല്‍ വധശിക്ഷ, കൂട്ടബലാത്സഘത്തിനു 20വര്‍ഷം തടവ് തുടങ്ങിയ ഭേദഗതികളാണ് ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആള്‍ക്കൂട്ട കൊലപാതകത്തിന് പരമാവധി ശിക്ഷയും ആള്‍ക്കൂട്ട ആക്രമണത്തിന് കുറഞ്ഞത് 7 വര്‍ഷം തടവും പീഡനകുറ്റത്തിന് കുറഞ്ഞത് 10 വര്‍ഷം തടവും ഭേദഗതിയില്‍ ഉള്‍പ്പെടുന്നു.
അതേസമയം ഐപിസി എന്നത് ഭാരതീയ ന്യായ സംഹിത, സിആര്‍പിസി എന്നത് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, തെളിവു നിയമം എന്നത് ഭാരതീയ സാക്ഷ്യ എന്നിങ്ങനെ മാറും. പുതിയ കാലഘട്ടത്തില്‍ പുതിയ നിയമങ്ങള്‍ എന്ന ആമുഖത്തോടുകൂടിയാണ് അമിത് ഷാ ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത്. രാജ്യദ്രോഹക്കുറ്റം പൂര്‍ണമായും ഒഴിവാക്കും.
പുതിയ ബില്ലിന്‍റെ സെക്‌ഷൻ 150ല്‍ രാജ്യത്തിനെതിരായ കുറ്റങ്ങളെ സംബന്ധിച്ച് പ്രതിപാദിക്കുന്നുണ്ട്.