ഇന്ന് ആഗസ്റ്റ് 12 ലോക ആന ദിനം. ദിനം പ്രതി വംശനാശം സംഭവിക്കുന്ന ആനകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. ചലച്ചിത്ര നിർമാതാക്കളായ പട്രീഷ്യ സിംസ്, മൈക്കൽ ക്ലാർക്ക്, തായ്‌ലാൻഡിലെ എലിഫന്റ് റീഇൻട്രഡക്ഷൻ ഫൗണ്ടേഷൻ എന്നിവർ ചേർന്ന് ആവിഷ്കരിച്ചതാണ് ഇങ്ങനെയൊരു ദിനം.
നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍ മലയാളിയുടെ ഗൃഹാതുരതയുടെ പ്രൗഢമായ കാഴ്ചയാണ്. എത്രകണ്ടാലും മതിവരാത്ത ആനച്ചന്തത്തിന്റെ കാഴ്ച . കരയിലെ വമ്പന്മാരെങ്കിലും മനുഷ്യന്മാരുടെ ക്രൂരതയും ചൂഷണങ്ങളും കടന്നുകയറ്റങ്ങളുമെല്ലാം കരിവീരന്മാരുടെ എണ്ണം ദിനംപ്രതി കുറച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യൻ അവന്റെ സാമ്രാജ്യം കെട്ടിയുയർത്തുന്നതിന് വേണ്ടി കാടുകൾ വെട്ടിതെളിച്ച് കയ്യേറുമ്പോൾ മൃഗങ്ങൾക്ക് നഷ്ടമാകുന്നത് അവരുടെ സ്വര്യ വിഹാര കേന്ദ്രങ്ങളാണ്. ഡബ്ല്യൂഡബ്ല്യൂഎഫ് അടുത്തിടെ പുറത്തുവിട്ട കണക്കനുസരിച്ച് ലോകത്താകെ ഇനി ഏകദേശം നാല് ലക്ഷത്തിനാല്പത്തിനായിരം ആനകളാണ് അവശേഷിക്കുന്നത്. പ്രതിവർഷം പതിനയ്യായിരത്തോളം ആനകൾ വേട്ടയ്ക്കിരയായി കൊല്ലപ്പെടുന്നുണ്ടെന്നും കണക്കിൽ പറയുന്നു.
മെരുക്കാനായും ജോലിചെയ്യാനും ഉത്സവപ്പറമ്പുകളിൽ എഴുന്നള്ളിക്കാനുമായി ആനകളെ മനുഷ്യർ ക്രൂരമായി ഉപദ്രവിക്കാറുണ്ട്. ആനകളെ കെട്ടിയെഴുന്നള്ളിച്ച് മണിക്കൂറുകളോളം നിർത്തുന്നത് ഉത്സവങ്ങളുടെ പ്രൗഢിയുടെ അളവുകോലായി മാറുമ്പോൾ ആ വലിയ ജീവി അനുഭവിക്കേണ്ടി വരുന്നത് കൊടിയ പീഢനമാണ്.തോട്ട ഉള്ളിൽ വെച്ച പൈനാപ്പിൾ കഴിച്ച് ചെരിഞ്ഞ ഗർഭിണിയായ ആനയുടെ ദൃശ്യവും തീ കൊളുത്തിയെറിഞ്ഞ ടയർ ചെവിയിൽ കുരുങ്ങി ഒരാന മരിച്ചതും അടുത്തിടെ നാം കണ്ട ക്രൂരമായ കാഴ്ചകളാണ്.
ഇതെല്ലാം സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസ് വച്ച് ആഘോഷമാക്കുന്ന സ്വയം ആന പ്രേമികളെന്നു വിളിക്കുന്ന സാഡിസ്റ്റ് ആരാധകർ ഇനിയും സ്വയം ചിന്തിക്കണം. തങ്ങൾ യഥാർത്ഥ മൃഗ സ്നേഹികളാണോയെന്ന്… മറ്റൊരു ആന ദിനം കൂടി കടന്നു പോകുംമ്പോൾ കരയിലെ ആ വലിയ ജീവിയുടെ ലോകം മനുഷ്യരുടെ ക്രൂരവും എന്തിനേയും അടിമയാക്കാനുള്ള അധികാര മനോഭാവത്തിലും അമർന്ന് ചെറുതായി കൊണ്ടിരിക്കെ ഇനിയെങ്കിലും അവയ്ക്ക് ശാപമോക്ഷം ഉണ്ടാകട്ടെയെന്ന് പ്രത്യാശിക്കാം