പബ്ജി മൊബൈല്‍ തിരിച്ചുവരുന്നു; പ്രീ-രജിസ്ട്രേഷനുകൾ ആരംഭിച്ചു; വിശദാംശങ്ങൾ പരിശോധിക്കുക
ഇന്ന് മുതൽ ഗൂഗിൾ പ്ലെ സ്റ്റോർ വഴി പുത്തൻ ഗെയിമിന്റെ ബുക്കിങ് ആരംഭിക്കും എന്നും ദക്ഷിണ കൊറിയൻ ഗെയിം ഡെവലപ്പർ ആയ ക്രാഫ്റ്റൺ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയാണ് ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എന്ന പേരിൽ പുത്തൻ ഗെയിം ക്രാഫ്റ്റൺ പ്രഖ്യാപിച്ചത്.
- ഹൈലൈറ്റ്:
- മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് ഗെയിം ലോഞ്ച് ചെയ്യുമ്പോൾ പ്രത്യേക ആനുകൂല്യങ്ങൾ ഉണ്ടാകും
- എന്നാണ് ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിം ലോഞ്ച് എന്ന് ക്രാഫ്റ്റൺ വ്യക്തമാക്കിയിട്ടില്ല
- ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കിയ ഗെയിം ആണ് ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എന്നാണ് ക്രാഫ്റ്റണിൻ്റെ അവകാശവാദം.
ഇന്ത്യയിൽ നിരോധിച്ച പ്രശസ്ത മൊബൈൽ ഗെയിം പബ്ജിയ്ക്ക് പകരക്കാരനായി ക്രാഫ്റ്റൺ പ്രഖ്യാപിച്ച ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിമിന്റെ രജിസ്‌ട്രേഷൻ ആരംഭിക്കുന്നു. ഈ മാസം 18 മുതൽ ഗൂഗിൾ പ്ലെ സ്റ്റോർ വഴി പുത്തൻ ഗെയിമിന്റെ ബുക്കിങ് ആരംഭിക്കും എന്നും ദക്ഷിണ കൊറിയൻ ഗെയിം ഡെവലപ്പർ ആയ ക്രാഫ്റ്റൺ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയാണ് ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എന്ന പേരിൽ പുത്തൻ ഗെയിം ക്രാഫ്റ്റൺ പ്രഖ്യാപിച്ചത്. എന്നാലിപ്പോഴും എപ്പോൾ മുതലാണ് പുത്തൻ ഗെയിം ഡൗൺലോഡ് ചെയ്യാൻ സാധിക്കുക എന്നത് സംബന്ധിച്ച വിവരങ്ങൾ ക്രാഫ്റ്റൺ വെളിപ്പെടുത്തിയിട്ടില്ല.
Click here for Pre-Registration :https://play.google.com/store/apps/details?id=com.pubg.imobile
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് ഗെയിം ലോഞ്ച് ചെയ്യുമ്പോൾ പ്രത്യേക ആനുകൂല്യങ്ങൾ ഉണ്ടാകും എന്നും ക്രാഫ്റ്റൺ വ്യക്തമാക്കി. ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഗെയ്മിനെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല എങ്കിലും ഗെയിമിൽ ഉപയോഗിക്കുന്ന ഒരു മാപ്പിന്റെ ടീസർ ചിത്രം ക്രാഫ്റ്റൺ പുറത്ത് വിട്ടിട്ടുണ്ട്. പബ്ജിയിലെ 4×4 മാപ് ആയ സാൻഹോക്കിനോട് സാദൃശ്യമുള്ള ഈ മാപ്പിന് പക്ഷെ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിമിൽ മറ്റൊരു പേരായിരിക്കും.
AAA മൾട്ടി പ്ലെയർ ഗെയിമിംഗ് എക്‌സ്പീരിയൻസ് നൽകുന്ന ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കിയ ഗെയിം ആണ് ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എന്നാണ് ക്രാഫ്റ്റണിൻ്റെ അവകാശവാദം. പ്രാദേശിക ആവശ്യങ്ങളും, വികാരങ്ങളും മാനിച്ച് തയ്യാറാക്കിയിരിക്കുന്ന പുത്തൻ ഗെയിമിലെ കഥാപാത്രങ്ങളുടെ വസ്ത്രധാരണത്തിലും പശ്ചാത്തലത്തിലും ഇന്ത്യൻ ടച് പ്രതീക്ഷിക്കാം. പുത്തൻ ഗെയിമിന്റെ ലോഗോ തന്നെ ഇന്ത്യൻ ത്രിവർണത്തിൽ അവതരിപ്പിച്ചാണ് ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എത്തുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾക്ക് കേന്ദ്ര സർക്കാർ നിരോധിച്ചത്. ഇൻഫൊർമേഷൻ ആന്റ് ടെക്നോളജി മന്ത്രാലയമാണ് ഐടി ആക്ട് 2009-ലെ സെക്ഷൻ 69A പ്രകാരം നിരോധനം ഏർപ്പെടുത്തിയത്. ഇന്ത്യയുടെ പരമാധികാരവും സമഗ്രതയും, ഇന്ത്യയുടെ പ്രതിരോധം, സുരക്ഷ എന്നിവ മുൻനിർത്തിയാണ് നിരോധനം. ഇതേതുടർന്ന്
പബ്ജി ആരാധകർ നിരാശയിലായിരുന്നു.
അതെ സമയം ഈ വർഷം ജനുവരിയിൽ നടൻ അക്ഷയ് കുമാറിന്റെ നേതൃത്വത്തിൽ മൾട്ടിപ്ലെയർ ആക്ഷൻ ഗെയിം ‘ഫിയർലെസ്സ് ആൻഡ് യുണൈറ്റഡ്: ഗാർഡ്‌സ് (FAU-G)’ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യയും ചൈനയും തമ്മിൽ ഇവിടെയുണ്ടായ സംഘർഷം ആണ് ഗെയിമിങ് ഇതിവൃത്തം.
ആഭ്യന്തര, വിദേശ ഭീഷണികളെ നേരിടുന്ന ഇന്ത്യൻ സുരക്ഷാ സേന അഭിമുഖീകരിക്കുന്ന യഥാർത്ഥ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഫൗജി ഗെയിം ഒരുക്കിയത്. ഏറെ പ്രതീക്ഷയോടെയാണ് ഫിയർലെസ്സ് ആൻഡ് യുണൈറ്റഡ്: ഗാർഡ്‌സ് ഗെയിം അവതരിപ്പിച്ചത് എങ്കിലും പ്രതീക്ഷിച്ച വിജയം നേടാൻ ഗെയിമിനായില്ല. പബ്ജി ഗെയിമുമായുള്ള സാദൃശ്യവും, ഗ്രാഫിക്സിലെ പോരായ്മയുമാണ് ഫിയർലെസ്സ് ആൻഡ് യുണൈറ്റഡ്: ഗാർഡ്‌സ് ഗെയ്മിന് പാരയായത്.