പുതുപ്പള്ളി പോരാട്ടം; പ്രചാരണം തുടങ്ങി ചാണ്ടി ഉമ്മന്‍; കരുത്തനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കാന്‍ സി പി ഐ എം
പുതുപ്പള്ളിയില്‍ വളരെ നേരത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ഉപതെരഞ്ഞെടുപ്പ് നിലനിര്‍ത്താന്‍ യുഡിഎഫ് തയ്യാറെടുക്കുമ്പോള്‍ കരുത്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് സിപിഐഎം തീരുമാനം. യുഡിഎഫ് സ്ഥാനാര്‍ഥിയായി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. എഐസിസി നേതൃത്വം സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കുകയും ചെയ്തു. സിപിഐഎമ്മില്‍ സ്ഥാനാര്‍ഥി തീരുമാനമായില്ലെങ്കിലും ജെയ്ക് സി തോമസ് അടക്കം നാലു പേരാണ് പരിഗണനയിലുള്ളത്. കഴിഞ്ഞ രണ്ട് തവണയും ഉമ്മന്‍ചാണ്ടിയുടെ എതിരാളിയായി മത്സരിച്ചത് ജെയ്ക് സി തോമസായിരുന്നു. ജെയ്ക് ഇല്ലെങ്കില്‍ റെജി സക്കറിയ, കെ.എം.രാധാകൃഷ്ണന്‍ പുതുപ്പള്ളി പാര്‍ട്ടി ഏരിയാ സെക്രട്ടറി സുഭാഷ് വര്‍ഗീസ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ സ്ഥാനാര്‍ത്ഥി തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. ജോര്‍ജ് കുര്യനാകും എന്‍ഡിഎ സ്ഥാനാര്‍ഥിയെന്ന സൂചനകളുണ്ട്. അനില്‍ ആന്റണി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ നേതൃത്വം തള്ളിയിരുന്നു. അതേസമയം ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ചാണ്ടി ഉമ്മന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടന്നു.
സെപ്തംബര്‍ 5നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 8നാണ് വോട്ടെണ്ണല്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറത്തിറക്കി. മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു.ഓഗസ്റ്റ് 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സൂക്ഷ്മ പരിശോധന 18ന് നടക്കും.