5000 തൊഴിലാളികൾ അണിനിരക്കുംസംയുക്ത ട്രേഡ് യൂണിയൻ മഹാധർണ ബുധനാഴ്ച്ച
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും വർഗീയതയ്ക്കും എതിരെ ക്വിറ്റ് ഇന്ത്യ ദിനത്തിൽ രാജ്യവ്യാപകമായി സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഐക്യ ട്രേഡ് യൂണിയൻ ബുധൻ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ നെടുങ്കണ്ടത്ത് മഹാധർണ നടത്തും. കിഴക്കേക്കവലയിൽ ഐഎൻടിയുസി കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്യും. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. വാഴൂർ സോമൻ എംഎൽഎ, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി സജി, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ കെ എസ് മോഹനൻ, ആർ തിലകൻ, കെ വി ശശി, എ കെ മണി, രാജ മാട്ടുക്കാരൻ തുടങ്ങിയവർ സംസാരിക്കും. 5000 തൊഴിലാളികൾ ധർണയിൽ അണിനിരക്കും.
തൊഴിൽ നിയമഭേദഗതി ബില്ലും നിർദ്ദിഷ്ട വൈദ്യുതി ബില്ലും പിൻവലിക്കുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ പദ്ധതി ഉപേക്ഷിക്കുക, അദായ നികുതിദായകരല്ലാത്ത കുടുംബങ്ങൾക്ക് പ്രതിമാസം 7500 രൂപ നൽകുക, ബജറ്റ് വിഹിതം വർധിപ്പിച്ച് തൊഴിലുറപ്പ് പദ്ധതി നഗരപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുക, അസംഘടിത തൊഴിലാളികൾക്ക് സാർവത്രിക സാമൂഹ്യ സുരക്ഷ പദ്ധതി നടപ്പാക്കുക, അങ്കണവാടി ജീവനക്കാർ, ആശാ പ്രവർത്തകർ, സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾ എന്നിവർക്ക് സാമൂഹ്യ സുരക്ഷ പദ്ധതി അനുകൂല്യം അനുവദിക്കുക, ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് ഇൻഷുറൻസ് ഉറപ്പാക്കുക, അതിസമ്പന്നരിൽനിന്ന് സ്വത്ത് നികുതി ഈടാക്കി കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ നിക്ഷേപം വർധിപ്പിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ എക്സൈസ് ഡ്യൂട്ടി കുറച്ച് വിലക്കയറ്റം നിയന്ത്രിക്കുക, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, പുതിയ പെൻഷൻ പദ്ധതി ഉപേക്ഷിച്ച് പഴയത് പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മഹാധർണ നടത്തുന്നത്.
മഹാധർണയുടെ പ്രചാരണാർഥം സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് രാജ മാട്ടുക്കാരൻ, വാഴൂർ സോമൻ എംഎൽഎ എന്നിവർ ക്യാപ്‌റ്റൻമാരായ ജാഥകൾ ജില്ലയിൽ പര്യടനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ സ്‌ത്രികളടക്കമുള്ള ആയിരക്കണക്കിന് തൊഴിലാളികളാണ് ജാഥയെ വരവേറ്റത്. മഹാധർണയുടെ വിജയത്തിനായി സന്തോഷ് അമ്പിളിവിലാസം ചെയർമാനായും, ടി എം ജോൺ കൺവീനറായും, പി എം ആന്റണി ട്രഷററയും സ്വാഗതസംഘവും പ്രവർത്തിക്കുന്നു. മഹാധർണ വിജയിപ്പിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമരസമതി നേതാക്കൾ അഭ്യർഥിച്ചു.