ലക്ഷദ്വീപില്‍ എല്ലായിടത്തും മദ്യം അനുവദിക്കുന്ന അബ്കാരി നിയമം നടപ്പാക്കാന്‍ നീക്കം
മദ്യരഹിത മേഖലയായ ലക്ഷദ്വീപില്‍ എല്ലായിടത്തും മദ്യം അനുവദിക്കുന്ന അബ്കാരി നിയമം നടപ്പാക്കാന്‍ നീക്കം. എക്സൈസ് റഗുലേഷന്‍ ഭേദഗതി ചെയ്തുള്ള അബ്കാരി നിയമത്തിന്റെ കരട് ലക്ഷദ്വീപ് ഭരണകൂടം പ്രസിദ്ധീകരിച്ചു.
ടൂറിസം ലക്ഷ്യമിട്ട് മദ്യം ലഭ്യമാക്കുകയാണ് ഉദ്ദേശ്യമെന്ന് ഔദ്യോഗിക വിശദീകരണം.
മദ്യമില്ലാതെ വരണ്ടുകിടക്കുന്ന ലക്ഷദ്വീപില്‍ മദ്യസമൃദ്ധിയാണ് അഡ്മിനിസ്ട്രേഷന്‍ ലക്ഷ്യം.
കോവിഡിന് പിന്നാലെ വിനോദസഞ്ചാരികള്‍ക്ക് മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അന്ന് പ്രതിരോധത്തിലായെങ്കിലും നീക്കത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ലക്ഷദ്വീപില്‍ കരട് അബ്കാരി നിയമം ഭരണകൂടം പ്രഖ്യാപിച്ചു.
പൂര്‍ണതോതില്‍ എക്സൈസ് വകുപ്പും അനുബന്ധ സംവിധാനങ്ങളുമൊരുക്കും.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലുള്ളതിന് സമാനമായി മദ്യനയം രൂപീകരിക്കും. സംഭരണം, വിതരണം, നികുതി ഇതെല്ലാം വ്യക്തമാക്കുന്ന കരട് നിയമമാണ് അഡ്മിനിസ്ട്രേഷന്‍ പുറത്തിറക്കിയിരിക്കുന്നത്.
അഭിപ്രായ രൂപീകരണത്തിനുശേഷം ആവശ്യമായ ഭേദഗതികളോടെ നിയമം നടപ്പാക്കാനാണ് നീക്കം.
നിലവില്‍ ബങ്കാരം ദ്വീപിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് മാത്രമാണ് മദ്യം ലഭിക്കുക. ഇക്കാലമത്രയും മദ്യരഹിതമായിരുന്ന ലക്ഷദ്വീപില്‍ പെട്ടന്ന് അബ്കാരി നിയമം കൊണ്ടുവരുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്ന് വിവിധ സംഘടനകള്‍ ആരോപിച്ചു. ആശുപത്രിയും, കുടിവെള്ളവും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയാണ് മദ്യവില്‍പന നീക്കമെന്നും സംഘടനകള്‍ ആരോപിച്ചു.