യുഡിഎഫ് നടത്തുവാൻ നിശ്ചയിച്ചിരുന്ന വാഹന ജാഥയും കളക്ടറേറ്റ് ഉപരോധവും മാറ്റിവച്ചു
നിയമസഭയുടെ നടപ്പു സമ്മേളനത്തിൽ ഭൂ വിനിയോഗ ഭേദഗതി ബിൽ അവതരിപ്പിക്കുവാൻ മന്ത്രിസഭായോഗം തീരുമാനിച്ച സാഹചര്യത്തിൽ യുഡിഎഫ് നടത്തുവാൻ നിശ്ചയിച്ചിരുന്ന വാഹന ജാഥയും കളക്ടറേറ്റ് ഉപരോധവും മാറ്റിവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നതായി ചെയർമാൻ ജോയി വെട്ടിക്കുഴിയും കൺവീനർ പ്രൊഫ.എം ജെ ജേക്കബും അറിയിച്ചു. 2023 ജനുവരി മാസത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കൂടിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി എന്ന വാദഗതി ശരിയല്ല. 2019 ഡിസംബർ 17ന് മുഖ്യമന്ത്രിയുടെ ചേമ്പറിൽ കൂടിയ അഖിലകക്ഷി യോഗത്തിൽ എടുത്ത തീരുമാനം പ്രാബല്യത്തിൽ കൊണ്ടുവരുവാൻ നാലുവർഷം കാലതാമസം വരുത്തിയത് ഗുരുതരമായ വീഴ്ചയാണെന്ന് എൽഡിഎഫ് അംഗീകരിക്കാൻ തയ്യാറാകണം. നിയമസഭാ സമ്മേളന കാലഘട്ടത്തിൽ ജില്ലയിൽ ഉണ്ടായേക്കാവുന്ന ജനകീയ രോഷം ഭയന്നാണ് ഗവൺമെന്റ് ബില്ല് കൊണ്ടുവരുവാൻ തീരുമാനിച്ചതെന്ന് വ്യക്തമാണ്. നിയമഭേദഗതിയിൽ ജനദ്രോഹ വ്യവസ്ഥകൾ ഉൾപ്പെടുത്തിയാൽ പൂർവാധികം ശക്തിയോടെ സമരപരിപാടികളുമായി യുഡിഎഫ് ജനങ്ങളോടൊപ്പം ഉണ്ടാകും എന്ന് നേതാക്കൾ അറിയിച്ചു.