തമിഴ്‌നാടിന്റെ തലവര മാറ്റിയെഴുതിയ കലൈഞ്ജർ; കരുണാനിധി ഓർമയായിട്ട് 5 വർഷം
തമിഴ്‌നാട്ടിൽ കലൈഞ്ജറില്ലാതെ അഞ്ച് ആണ്ടുകൾ പിന്നിടുന്നു. എന്നാൽ ഇപ്പോഴും ഓരോ ദിവസവും ചർച്ചയാകുന്നത് കരുണാനിധിയെന്ന പേരും അദ്ദേഹത്തിന്റെ ആശയങ്ങളും പ്രവർത്തനങ്ങളും തന്നെയാണ്. 94 ആം വയസിൽ, 2018 ആഗസ്റ്റ് ഏഴിനാണ് ഏറെ നാൾ നീണ്ട ആശുപത്രി വാസത്തിനൊടുവിൽ കരുണാനിധി വിടവാങ്ങിയത്. തന്റെ എഴുത്തിനെ തന്റെ രാഷ്ട്രീയമാക്കി മാറ്റിയ കരുണാനിധിയ്ക്കായി ചെന്നൈ മറീനാ ബീച്ചിൽ തൂലികാ സ്മാരകം ഒരുക്കുന്നുണ്ട്.
ഡിഎംകെ വേദികളിൽ, സർക്കാറിന്റെ വികസന പദ്ധതികളിൽ അങ്ങനെ എല്ലായിടത്തും ഇപ്പോഴും മുഴങ്ങി കേൾക്കുന്ന പേരാണ് കലൈഞ്ജർ കരുണാനിധി. ഡിഎംകെ സർക്കാറിന്റെ ദ്രവീഡിയൻ മാതൃകാ ഭരണം തന്നെ കരുണാനിധിയുടെ ചോരയിലും വിയർപ്പിലും കെട്ടിപ്പടുത്ത ആശയമാണ്. അടിച്ചമർത്തലുകൾക്കെതിരെ ഒരു ജനതയെ തന്റെ എഴുത്തുകൾ കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും പോരാളികളാക്കി മാറ്റിയ വ്യക്തിത്വം.
1969 ജൂലൈ 27നാണ് കരുണാനിധി ഡിഎംകെ അധ്യക്ഷനാകുന്നത്. പിന്നീട് 2018 വരെയുള്ള നീണ്ട കാലം പാർട്ടിയെ നയിച്ചു. ഡിഎംകെ സ്ഥാപകൻ അണ്ണാദുരെയുടെ മരണത്തെ തുടർന്ന് 1969 ൽ ആദ്യമായി മുഖ്യമന്ത്രിയായി. പിന്നീട് 71, 89, 96, 2006 വർഷങ്ങളിലും മുഖ്യമന്ത്രി പദത്തിലെത്തി. 1957ൽ കുളിത്തലൈ മണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പതിനാലാം വയസിലാണ് കരുണാനിധി പൊതുപ്രവർത്തന രംഗത്തേയ്ക്ക് എത്തുന്നത്. പതിനെട്ടാം വയസിൽ തമിഴ് മാനവർ മൻഡ്രം എന്ന പേരിൽ വിദ്യാർഥി സംഘടന രൂപീകരിച്ചു. ദ്രാവിഡ പ്രസ്ഥാനങ്ങളുടെ പേരിൽ ആദ്യമായി തുടങ്ങിയ വിദ്യാർത്ഥി സംഘടന. പിന്നീടുള്ള ജീവിതത്തിലെ എട്ട് പതിറ്റാണ്ടുകാലം ദ്രാവിഡ രാഷ്ട്രീയത്തിനായി മാത്രം മാറ്റിവെച്ചു കരുണാനിധി .
തമിഴ്സാഹിത്യത്തിനും ശ്രദ്ധേയ സംഭാവന നൽകിയാണ് കരുണാനിധി കടന്നുപോയത്. നാടകം, സിനിമ, കവിത, നോവൽ, ജീവചരിത്രം, സംഭാഷണം, പാട്ട് തുടങ്ങി കലൈഞ്ജറുടെ കരസ്പർശമേൽക്കാത്ത സാഹിത്യ മേഖലയില്ല. എംജിആറും ശിവാജിഗണേശനുമെല്ലാം കരുണാനിധിയുടെ തിരക്കഥകളിൽ നിറഞ്ഞാടി. മേഖല ഏതു തന്നെ ആയിരുന്നാലും തന്റെ ദ്രവീഡിയൻ ആശയങ്ങൾ പ്രചരിപ്പിയ്ക്കാനുള്ള മാധ്യമം മാത്രമായിരുന്നു കലൈഞ്ജർക്ക് അവയെല്ലാം. അതുതന്നെയാണ് തമിഴ് നാട്ടിലിപ്പോഴും കലൈഞ്ജർ കരുണാനിധിയെന്ന പേര് ഓരോ ദിവസവും മുഴങ്ങി കേൾക്കുന്നത്.