ജമ്മു കശ്മീരിലെ പൂഞ്ചിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. ജില്ലയിലെ ദിഗ്വാർ ഉപമേഖലയിലെ നിയന്ത്രണരേഖയിൽ രണ്ടിലധികം പാക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. ഒരു ഭീകരനെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ നടക്കുന്ന രണ്ടാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണിത്.ഭീകരരുടെ നീക്കത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയത്. സ്ഥലത്ത് തെരച്ചിൽ നടക്കുകയാണ്. മൂന്ന് പാക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. അതേസമയം, സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണം നടത്താൻ പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരസംഘടനകൾ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലും രാജ്യാന്തര അതിർത്തിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച കുപ്‌വാര ജില്ലയിലെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയിരുന്നു. ഒരു ഭീകരനെ വധിച്ചതായും പൊലീസ് അറിയിച്ചു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത വസ്തുക്കളിൽ നിന്ന് കൊല്ലപ്പെട്ട ഭീകരൻ പാക് പൗരനാണെന്ന് കരുതുന്നതായി പൊലീസ് വക്താവ് പറഞ്ഞു.