മഹാത്മാ അയ്യൻകാളിയെ അധിക്ഷേപിച്ചവരെ സംരക്ഷിയ്ക്കുന്നവർ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്നും മണിപ്പൂർ വിഷയത്തിൽ സമരം നടത്തുന്നവർ ദളിത് ക്രൈസ്തവരുടെ പ്രശ്നങ്ങളിൽ നിലപാട് വ്യക്തമാക്കണമെന്നും സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ്
മഹാത്മാ അയ്യൻകാളിയെ അധിക്ഷേപിച്ചവരെ സംരക്ഷിയ്ക്കുന്നവർ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്നും മണിപ്പൂർ വിഷയത്തിൽ സമരം നടത്തുന്നവർ ദളിത് ക്രൈസ്തവരുടെ പ്രശ്നങ്ങളിൽ നിലപാട് വ്യക്തമാക്കണമെന്നും സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ്
മഹാത്മാ അയ്യൻകാളിയെ സമൂഹ മാധ്യമങ്ങളിൽ കൂടി അധിക്ഷേപിച്ചവരെ സംരക്ഷിയ്ക്കുന്നവർ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്നും മണിപ്പൂർ വിഷയത്തിൽ സമരം നടത്തുന്നവർ കേരളത്തിലെ ദളിത് ക്രൈസ്തവർ ആവശ്യപ്പെടുന്ന സംവരണം അടക്കമുള്ള പ്രശ്നങ്ങളിൽ നിലപാട് വ്യക്തമാക്കണമെന്നും ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ് ആവശ്യപ്പെട്ടു. കട്ടപ്പനയിൽ സി എസ് ഡി എസ് നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാത്മാ അയ്യൻകാളിയെ അധിക്ഷേപിച്ചവരെ അറസ്റ്റ് ചെയ്യാൻ കഴിയാതിരുന്നത് സർക്കാർ അനാസ്‌ഥ ആയിരുന്നുവെന്നും മണിപ്പൂർ കലാപം സർക്കാർ സ്പോൺസർ ചെയ്ത കലാപമാണെന്നും കെ കെ സുരേഷ് കൂട്ടിച്ചേർത്തു.
കട്ടപ്പന പഴയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിൽ നൂറുകണക്കിന് സി എസ് ഡി എസ് പ്രവർത്തകർ പങ്കെടുത്തു. തുടർന്ന് കട്ടപ്പന മിനി സ്റ്റേഡിയത്തിൽ നടന്ന ധർണ്ണയ്ക്ക് സി എസ് ഡി എസ് സംസ്‌ഥാന കമ്മിറ്റി അംഗം സണ്ണി കണിയാമുറ്റം അധ്യക്ഷത വഹിച്ചു.
സി എസ് ഡി എസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വിനു ബേബി, സംസ്‌ഥാന കമ്മിറ്റി അംഗം മോബിൻ ജോണി,ജില്ലാ കോ ഓർഡിനേറ്റർ റെജി കൂവക്കാട്, ജില്ലയിലെ വിവിധ താലൂക്ക് കമ്മിറ്റി ഭാരവാഹികളായ ബിനു ചാക്കോ കാഞ്ഞിരതിങ്കൽ, രാജൻ ഇടുക്കി, ജിജിമോൻ സേനാപതി, യോഹന്നാൻ തുടങ്ങിയവർ പങ്കെടുത്തു