ഏലമലക്കാടുകൾ റിസർവ് വനമാക്കുന്നതിന് വ്യാജരേഖ ചമച്ചതിന് എതിരെ സെൻട്രൽ എംപവേർഡ് കമ്മിറ്റിയിലും സുപ്രീംകോടതിയിലും ഹർജി നൽകിയതായി വണ്ടൻമേട് കാർഡമം ഗ്രോവേഴ്‌സ അസോസിയേഷൻ
ഏലമലക്കാടുകൾ റിസർവ് വനമാക്കുന്നതിന് വ്യാജരേഖ ചമച്ചതിന് എതിരെ സെൻട്രൽ എംപവേർഡ് കമ്മിറ്റിയിലും സുപ്രീംകോടതിയിലും ഹർജി നൽകിയതായി വണ്ടൻമേട് കാർഡമം ഗ്രോവേഴ്‌സ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ഏലമലക്കാടുകൾ വനമാണെന്നും റിസർവ് വനത്തിന്റെ സ്ഥിതി നിലനിർത്തണമെന്നും ആവശ്യപ്പെട്ട് വൺ എർത്ത് വൺ ലൈഫ് എന്ന സംഘടന സെൻട്രൽ എംപവേർഡ് കമ്മിറ്റിയിൽ സർപ്പിച്ച ഹർജിയെ തുടർന്ന് 2005ൽ സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഏലമലക്കാടുകൾ റിസർവ് വനമാണെന്നും 25/10/1980നുശേഷം നൽകിയിട്ടുള്ള എല്ലാ പട്ടയങ്ങളും പാട്ടവും വസ്തു കൈമാറ്റവുമെല്ലാം കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ നടത്തിയിട്ടുള്ളതിനാൽ അവയെല്ലാം റദ്ദാക്കി വസ്തുക്കൾ സർക്കാരിലേക്ക് തിരിച്ചെടുക്കണമെന്നായിരുന്നു റിപ്പോർട്ടിലെ ശുപാർശ. അനധികൃത കൈവശക്കാരെ സമയബന്ധിതമായി ഒഴിപ്പിക്കണമെന്നും റിസർവ് വനമായതിനാൽ വനസംരക്ഷണ നിയമപ്രകാരം മാസ്റ്റർ പ്ലാൻ തയാറാക്കി നടപ്പാക്കണമെന്നും ശുപാർശയുണ്ട്. ഇതേതുടർന്ന് 1980നുശേഷം നൽകിയ കുത്തകപ്പാട്ടം അടക്കമുള്ളവയെ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി കേരള സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് സുപ്രീംകോടതിയിലുള്ള കേസ് അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തിരിക്കുകയാണ്.
തിരുവിതാംകൂർ ഗവൺമെന്റിന്റെ 24/8/1897ലെ ഗസറ്റിലെ 1932-ാം പേജിലെ നോട്ടിഫിക്കേഷൻ പ്രകാരം 2,15,720 ഏക്കർ സ്ഥലം റിസർവ് വനമായി നോട്ടിഫൈ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കിയുള്ള പകർപ്പ് ഹാജരാക്കിയാണ് വൺ എർത്ത് വൺലൈഫ് സെൻട്രൽ എംപവേർഡ് കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ച് ഇത്തരമൊരു ശുപാർശയ്ക്ക് വഴിയൊരുക്കിയത്. സംഘടന ഹാജരാക്കിയ നോട്ടിഫിക്കേഷനിൽ പ്രതിപാദിച്ചിരിക്കുന്നത് തൊടുപുഴ താലൂക്കിലെ കരിമണ്ണൂർ, കാരിക്കോട് എന്നീ വില്ലേജുകളിൽപ്പെട്ടതും കോടിക്കുളം, അറക്കുളം എന്നീ മുറികളിൽപ്പെട്ടതുമായ വസ്തുക്കളാണ്. എന്നാൽ ഈ സ്ഥലങ്ങളിൽ ഏലമലക്കാടുകൾ ഇല്ല.
തിരുവിതാംകൂർ ഗവൺമെന്റ് ഗസറ്റിലെ 1392-ാം പേജിലെ നോട്ടിഫിക്കേഷൻ പ്രകാരം 15,720 ഏക്കർ സ്ഥലം റിസർവ് വനമായി നോട്ടിഫിക്കേഷൻ ചെയ്തിരുന്നു. ഈ നോട്ടിഫിക്കേഷനിലെ വസ്തുവിന്റെ വിസ്തീർണം 2,15,720 എന്നാക്കിയും 334 സ്‌ക്വയർ മൈൽസ് എന്നാക്കിയും പേജ് നമ്പർ 1932 എന്നാക്കിയും തിരുത്തിയാണ് വ്യാജ രേഖ നിർമിച്ചത്.
വ്യാജ രേഖയുടെ അടിസ്ഥാനത്തിൽ സെൻട്രൽ എംപവേർഡ് കമ്മിറ്റി സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പിൻവലിക്കണമെന്നും വ്യാജരേഖ ചമച്ചവർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എംപവേർഡ് കമ്മിറ്റിയിൽ ഹർജി ബോധിപ്പിച്ചിട്ടുണ്ട്. എംപവേർഡ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് റദ്ദാക്കണമെന്ന് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലും ബോധിപ്പിച്ചു. യഥാർഥ വസ്തുതകൾ ഉൾപ്പെടുത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയോടു നിർദേശിക്കണമെന്നും ഹർജിയിലുണ്ട്. മഹാരാജാവിന്റെ കാലത്ത് ലാൻഡ് അസൈൻമെന്റ് നിയമപ്രകാരവും മറ്റും പതിച്ചു നൽകിയതും പിന്നീട് കേരള സർക്കാർ കുത്തകപ്പാട്ടം നൽകിയതുമായ റവന്യു ഭൂമിയാണ് വ്യാജരേഖ ചമച്ച് വനഭൂമിയാക്കി കർഷകരിൽ നിന്ന് തട്ടിയെടുക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്തശയോടെ നടക്കുന്നതെന്നും അസോസിയേഷൻ പ്രസിഡന്റ് ആന്റണി മാത്യു, ജനറൽ സെക്രട്ടറി അഡ്വ. ഷൈൻ വർഗീസ്, പി.സി.മാത്യു, സജി വർക്കി, ജയിംസ് മാത്യു, ഷാജി ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.