കുഞ്ഞുവിരലുകളിൽ മഷി പുരട്ടി ,വോട്ടവകാശം രേഖപ്പെടുത്തി, കുട്ടി വോട്ടർമാർ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി.
വെള്ളയാംകുടി സെന്റ് ജെറോംസ് എൽപി സ്കൂളിൽ നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനാണ് വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവം സമ്മാനിച്ചത്.
ജനാധിപത്യ രീതിയിലുള്ള ഇലക്ഷൻ സമ്പ്രദായം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിന് വേണ്ടി, പൊതു തിരഞ്ഞെടുപ്പിൽ സാധാരണ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് തന്നെയാണ് സ്കൂളിൽ ഇലക്ഷൻ പ്രവർത്തനങ്ങൾ നടത്തിയത്.
സ്കൂൾ ലീഡർ, സ്കൂൾ സെക്രട്ടറി, ക്ലാസ്സ് ലീഡർ എന്നി സ്ഥാനത്തേക്കാണ് ഇലക്ഷൻ നടന്നത്.
കുട്ടികളിൽ നിന്ന് മുൻകൂട്ടി നോമിനേഷൻ സ്വീകരിക്കുകയും, അർഹരായ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുകയും അവർക്ക് സ്കൂളിൽ ഇലക്ഷൻ പ്രചരണത്തിന് അവസരം ഒരുക്കുകയും ചെയ്തു, പോളിംഗ് ഓഫീസിന്റെ അതേ മാതൃകയിൽ ക്രമീകരിച്ച ഇലക്ഷൻ റൂമിൽ, പോളിംഗ് ഓഫീസർമാർ, ബൂത്ത് ഏജന്റുമാർ, പ്രിസൈഡിങ് ഓഫീസർ എന്നിവർ തയ്യാറായിരുന്നു, ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഹായത്തോടെയാണ് ക്ലാസ് ലീഡർ സ്ഥാനത്തേക്കും സ്കൂൾ ലീഡർ സ്ഥാനത്തേക്കുള്ള ഇലക്ഷൻ നടന്നത്.
ജനാധിപത്യത്തിൻ്റെ ശക്തിയും തിരഞ്ഞെടുപ്പ് പ്രക്രിയകളും കുട്ടികൾക്ക് മനസിലാക്കി നല്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ കൃത്യതയോടെ നടത്തിയതെന്ന് ഹെഡ്മാസ്റ്റർ വ്യക്തമാക്കി.
മാറി നിന്നു മാത്രം കണ്ടിട്ടുള്ള തെരഞ്ഞെടുപ്പും വോട്ടിംഗും അനുഭവഭേദ്യമായതിൻ്റെ സന്തോഷത്തിലാണ് കുട്ടികളും.
ജേതാവിനെ അറിയാനുള്ള കാത്തിരിപ്പിൻ്റെ ആകാംക്ഷ ഓരോ കുട്ടി സ്ഥാനാർത്ഥികളിലുമുണ്ട്.
തിങ്കളാഴ്ച ആരംഭിച്ച ഇലക്ഷൻ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടം ഇന്നു നടന്ന ഇലക്ഷനോടെ പൂർത്തിയായി.തിങ്കളാഴ്ച നടക്കുന്ന ഫല പ്രഖ്യാപനത്തിനു ശേഷം വിജയികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കുന്നതോടെ ഇലക്ഷൻ പ്രക്രിയ പൂർത്തിയാകുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു
ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ സൈജു ജോസഫ് അധ്യാപികമാരായ റാണി മാത്യു, മഞ്ജു മാത്യു, നിഷാ മോൾ, പിടിഎ എംപി ടി എ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.