സന്ദര്‍ശക നിരോധന നീക്കം; സൂര്യനെല്ലിയില്‍ സമരസമിതിക്ക് രൂപംനല്‍കി
മൂന്നാര്‍: ആനയിറങ്കല്‍ ജലാശയത്തില്‍ ബോട്ടിങ് നിര്‍ത്തിവെച്ച ഹൈകോടതി ഉത്തരവിന്റെ ചുവടുപിടിച്ച് കൊളുക്കുമലയിലേക്കുള്ള വിനോദസഞ്ചാരം തടയുമെന്ന് അഭ്യൂഹം ഉയര്‍ന്നതോടെ സൂര്യനെല്ലി, ചിന്നക്കനാല്‍ മേഖലയില്‍ ജനങ്ങള്‍ ആശങ്കയില്‍. തോട്ടംമേഖല കഴിഞ്ഞാല്‍ ഈ പ്രദേശത്തെ ഭൂരിപക്ഷം കുടുംബങ്ങളുടെയും ഉപജീവനം ടൂറിസത്തിലൂടെയാണ്. കൊളുക്കുമലയിലേക്കുള്ള സന്ദര്‍ശക നിരോധനത്തില്‍ പ്രതിഷേധിക്കാൻ സൂര്യനെല്ലിയില്‍ നാട്ടുകാര്‍ സമരസമിതിക്ക് രൂപംനല്‍കി. തിങ്കളാഴ്ച കൊളുക്കുമലയിലേക്കുള്ള ട്രിപ്പുകള്‍ നിര്‍ത്തിവെച്ച് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാനാണ് തീരുമാനം.
സൂര്യനെല്ലി പട്ടണത്തില്‍നിന്ന് ഏഴ് കിലോമീറ്റര്‍ ദൂരെയാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടം സ്ഥിതിചെയ്യുന്ന കൊളുക്കുമല. തമിഴ്നാടിന്റെ ഭാഗമാണിവിടം. കൊളുക്കുമലയില്‍നിന്നുള്ള സൂര്യോദയം കാണാനും ട്രക്കിങ്ങിനുമായി ഒട്ടേറെ സഞ്ചാരികളാണ് ദിവസേന എത്തുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേകം സ്റ്റിക്കര്‍ പതിച്ച 180 ജീപ്പാണ് കൊളുക്കുമല ഓട്ടത്തിന് സൂര്യനെല്ലിയില്‍ ഉള്ളത്. ഹാരിസണ്‍ മലയാളം തേയിലത്തോട്ടം വഴിയാണ് കൊളുക്കുമലയില്‍ എത്തുന്നത്.
അരിക്കൊമ്ബൻ ഓപറേഷനെ തുടര്‍ന്ന് വന്യമൃഗങ്ങള്‍ക്ക് ഭീഷിണിയാവുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി നിയോഗിച്ച, ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂടിയുള്‍പ്പെട്ട വിദഗ്ധ സമിതി ആനയിറങ്കലിലെ ബോട്ടിങ് നിര്‍ത്താൻ ശിപാര്‍ശ ചെയ്തതും ഹൈകോടതി ഉത്തരവിട്ടതും. ഈ ഉത്തരവിന്റെ മറവില്‍ കൊളുക്കുമലയിലേക്കുള്ള സന്ദര്‍ശക പ്രവേശനവും തടയാനാണ് നീക്കമെന്നാണ് പരാതി. വന്യമൃഗങ്ങള്‍ ഏറെയില്ലാത്ത പ്രദേശമാണ് കൊളുക്കുമല. കാട്ടുപോത്തുകളെ മാത്രമാണ് ഇവിടെ അപൂര്‍വമായെങ്കിലും കാണുന്നത്. തന്നെയുമല്ല സൂര്യനെല്ലി മുതല്‍ കൊളുക്കുമല വരെ തേയിലത്തോട്ടത്തിലൂടെയാണ് ജീപ്പുകള്‍ പോകുന്നത്. മനുഷ്യ-വന്യമൃഗ സംഘര്‍ഷം കുറക്കുന്നതിന്റെ ഭാഗമായി ഈ മേഖലയില്‍ 1252 ഹെക്ടറില്‍ പുതിയ ദേശീയോദ്യാനം സ്ഥാപിക്കാനുള്ള നിര്‍ദേശം 2019ല്‍ വനംവകുപ്പ് സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. ഇത് നടപ്പാക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്. അങ്ങനെ വന്നാല്‍ ടൂറിസംകൊണ്ട് ഉപജീവനം കഴിക്കുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ പട്ടിണിയിലാകും. തന്നെയുമല്ല, പ്രഖ്യാപിച്ച് 17 വര്‍ഷം കഴിഞ്ഞിട്ടും യാഥാര്‍ഥ്യമാക്കാൻ കഴിയാത്ത വട്ടവടയിലെ നീലക്കുറിഞ്ഞി ഉദ്യാനം ഈ പ്രദേശത്തുണ്ടാക്കിയ അരക്ഷിതാവസ്ഥയും സംഘര്‍ഷങ്ങളും ചിന്നക്കനാലിലും ആവര്‍ത്തിക്കുമെന്നും ജനങ്ങള്‍ ആശങ്കപ്പെടുന്നു.