മൂന്നാർ പ്രതിഷേധ കൂട്ടായ്മയ്ക്ക് പിന്തുണ: സിഐടിയു
ജില്ലയിലെ മലയോര തോട്ടം മേഖലയിലെ ജനതയുടെമേൽ അധികാരകേന്ദ്രങ്ങൾ അടിച്ചേൽപ്പിക്കുന്ന കരിനിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കുമെതിരെ മലയോര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആഗസ്‌ത് ഏഴിന് മൂന്നാർ ഉൾപ്പെടെ 13 പഞ്ചായത്തുകളിൽ നടത്തുന്ന പ്രതിഷേധ കൂട്ടായ്മയക്ക് സിഐടിയു പിന്തുണ നൽകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജനങ്ങളെ സംരക്ഷിക്കുന്ന നിലപാടല്ല ജുഡീഷ്യറിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഉത്തരവ് ബാധകമാകുന്ന മറയൂർ, കാന്തല്ലൂർ, വട്ടവട, മൂന്നാർ, ദേവികുളം, ഇടമലക്കുടി,പള്ളിവാസൽ, വെള്ളത്തൂവൽ, ബൈസൺവാലി, മാങ്കുളം, അടിമാലി ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ജനപ്രതിനിധികളുടെയും, എംഎൽഎ മാരുടെയും അഭിപ്രായം തേടാതെയാണ് ജനങ്ങളെയാകെ ആശങ്കയിലാഴ്ത്തിയ ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്.
‘വൺ എർത്ത് വൺ ലൈഫ്’ എന്ന കപട പരിസ്ഥിതി സംഘടന 2010 ൽ കൊടുത്ത കേസിലാണ് മൂന്നാർ മേഖലയിലെ ഒമ്പത് വില്ലേജുകളിൽ നിർമാണങ്ങൾക്ക് റവന്യു എൻഒസി ഹൈക്കോടതി നിർബന്ധമാക്കിയത്. ഇതിൽ ആനവിലാസം വില്ലേജ് എൽഡിഎഫ് സർക്കാർ ഒഴിവാക്കി. ഹൈക്കോടതി നിയമിച്ച അമിക്കസ്‌ക്യൂറി അംഗങ്ങളായ അഡ്വ. ഹരീഷ് വാസുദേവൻ, അഡ്വ. രജ്ഞിത് തമ്പാൻ എന്നിവർ കപട പരിസ്ഥിതിയുടെ പേരുപറഞ്ഞ് നിരന്തരം മലയോര മേഖലയിലെ ജനങ്ങളെയാകെ കെെയേറ്റക്കാരായും ഭൂമാഫിയയുടെ ആളുകളായും ചിത്രീകരിച്ചു വരുന്നവരാണ്. ഇവരെ അമിക്കസ്‌ക്യൂറിയായി നിയമിച്ച നടപടി പുനപരിശോധിക്കണം. വിനോദസഞ്ചാര കേന്ദ്രമായ ഇവിടെ നിർണനിരോധം ഏർപ്പെടുത്തിയതോടെ ഈ മേഖലയിൽ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെട്ടു. വന്യ മൃഗങ്ങളുടെ സംരക്ഷണം എന്ന പേരിൽ ആനയിറങ്കൽ ജലാശയത്തിൽ ബോട്ടിങ് നിരോധിച്ചിരിക്കുകയാണ്. ഇതു മൂലം നിരവധി തൊഴിലാളികളുടെ ജോലി നഷ്ടപ്പെട്ടു. ഈ ഉത്തരവ് മറ്റ് വിനോദ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് ടൂറിസം രംഗത്തിന് വൻ തിരിച്ചടിയാകും,
കൂടാതെ മൂന്നാറിലെ 13 പഞ്ചായത്തിൽ നിലവിലുള്ളതിന് പുറമേ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞ 29ന് കലക്ടർ പുതിയ ഉത്തരവ് പുറത്തിറക്കി. പഞ്ചായത്തുകളിലെ റെഡ് സോണിലെ പ്രദേശങ്ങളിൽ 150 സ്‌ക്വയർ മീറ്റർ വീസ്തീർണം വരെയുള്ള ഒരു നില കെട്ടിടത്തിന് മാത്രമേ അനുമതിയുള്ളൂ. മറ്റിടങ്ങളിൽ വീടില്ലാത്തവർക്ക് മാത്രമേ റെഡ് സോണിൽ വീട് നിർമാണത്തിന് അനുമതി നൽകാവൂ എന്നും നിർദേശമുണ്ട്. ഈ മേഖലകളിലെ ക്വാറി ഖനനം പൂർണമായി നിരോധിച്ചു. ഓറഞ്ച് സോണിലെ പ്രദേശങ്ങളിൽ പരമാവധി മൂന്നുനില കെട്ടിടങ്ങൾക്കാണ് അനുമതി. കൂടുതൽ പരിശോധന ആവശ്യമുള്ള അപേക്ഷകൾ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി രൂപീകരിക്കുന്ന ജില്ലാതല വിദഗ്ധ സമിതിക്ക് അതാത് പഞ്ചായത്തുകൾ കൈമാറണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾ സ്വീകരിച്ച് 30 ദിവസത്തിനകം പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് നൽകണമെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു.
സ്വന്തം ഭൂമിയിൽ ജീവിക്കാനും കെട്ടിടം പണിയാനും നിലവിലുള്ള കെട്ടിടങ്ങൾ സംരക്ഷിക്കാനും മൂന്നാറിലെ സർവകക്ഷി മലയോര സംരക്ഷണ സമിതി നടത്തുന്ന പ്രക്ഷേഭത്തിന്ഐക്യദാർഢ്യംപ്രഖ്യാപിച്ച് എല്ലാ പിന്തുണയും നൽകുമെന്ന് സിഐടിയു നേതാക്കൾ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ വി ആർ സജി, എം സി ബിജു, കെ എൻ ബിനു എന്നിവർ പങ്കെടുത്തു.