ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷം : 116 പേര് അറസ്റ്റില്‍
ഗുരുഗ്രാം: കഴിഞ്ഞ ദിവസങ്ങളില്‍ ഹരിയാനയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷങ്ങളില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. രണ്ട് ഹോംഗാര്‍ഡുകളും ഒരു പള്ളി ഇമാമും മറ്റു മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 41 കേസുകളിലായി 116 പേര് ഇതുവരെ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി വീണ്ടും സംഘര്‍ഷം ഉണ്ടായതോടെ ഡല്‍ഹിയിലും പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്. അതിനിടെ, വി.എച്ച്.പി, ബജ്റംഗ്ദള്‍ എന്നിവയുടെ നേതൃത്വത്തില്‍ മനേസറില്‍ ഇന്ന് വൈകീട്ട് നാലിന് മഹാപഞ്ചായത്ത് വിളിച്ചിട്ടുണ്ട്. വി.എച്ച്.പിയുടെ നേതൃത്വത്തില്‍ നോയിഡയില്‍ പ്രതിഷേധ മാര്‍ച്ചും നിശ്ചയിച്ചിട്ടുണ്ട്.
നൂഹ് ജില്ലയിലെ നന്ദ് ഗ്രാമത്തില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡല് ജലാഭിഷേക് യാത്രയാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഗോരക്ഷ ഗുണ്ടയും രാജസ്ഥാനിലെ ജുനൈദ്, നസീര്‍ ആള്‍ക്കൂട്ടക്കൊല കേസുകളില്‍ പ്രതിയുമായ മോനു മനേസര്‍ യാത്രയില്‍ പങ്കെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ ഇത് സൗഹൃദാന്തരീക്ഷം തകര്‍ക്കുമെന്ന് പറഞ്ഞ് ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു.
ഏതാനും ദിവസം മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിഡിയോയില്‍ താൻ യാത്രയില്‍ പങ്കാളിയാകുമെന്ന് ഇയാള്‍ അറിയിച്ചിരുന്നു. യാത്രക്കൊപ്പമുള്ള വാഹനങ്ങളിലൊന്നില്‍ മനേസര്‍ ഉണ്ടെന്ന പ്രചാരണം വന്നതോടെ യാത്ര തടയാൻ ഒരു വിഭാഗം ശ്രമിക്കുകയും തുടര്‍ന്ന് പരസ്പരം കല്ലേറുണ്ടാവുകയും ചെയ്തു. പൊലീസിന്റേതുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കത്തിച്ചു. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. ഗുരുഗ്രാമിലെ സിവില്‍ ലൈൻസില് ബി.ജെ.പി ജില്ല പ്രസിഡന്റ് ഗാര്‍ഗി കക്കറാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തിരുന്നത്.