ഖരമാലിന്യ പരിപാലന പദ്ധതി; രൂപരേഖ ആലോചന യോഗം കട്ടപ്പന നഗരസഭയിൽ ചേർന്നു
ഖരമാലിന്യ പരിപാലന പദ്ധതി; രൂപരേഖ ആലോചന യോഗം കട്ടപ്പന നഗരസഭയിൽ ചേർന്നു .
സംസ്ഥാനത്തെ നഗരസഭകളിൽ മാലിന്യ സംസ്കരണ പദ്ധതികൾ ഏകോപിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി കേരള സർക്കാർ ആസൂത്രണം ചെയ്തിട്ടുള്ള കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കട്ടപ്പന നഗരസഭാതല ഖരമാലിന്യ പരിപാലന രൂപരേഖ ആലോചന യോഗം നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്നു. നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
നഗരസഭയുടെ നിലവിലുള്ള ഖരമാലിന്യ പരിപാലന പ്രവർത്തനങ്ങളിലുള്ള പോരായ്മകൾ കണ്ടെത്തി പരിഹരിക്കുന്നതിനും, മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുമായി ദീർഘ കാല സമഗ്ര ഖര മാലിന്യ രൂപ രേഖ തയ്യാറാക്കാൻ യോഗത്തിൽ തീരുമാനിച്ചു.
യോഗത്തിൽ പങ്കെടുത്തവർ ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ചർച്ചക്ക് ശേഷം നിർദേശങ്ങൾ നൽകി.
കേരള ഖര മാലിന്യ പരിപാലന പദ്ധതി ഈ നിർദേശങ്ങൾ ക്രോഡീകരിച്ച് സമഗ്രമായ പ്ലാൻ തയ്യാറാക്കും.
7.1 കോടി രൂപയാണ് നഗരസഭയ്ക്ക് അനുവദിച്ചിട്ടുള്ളത്.
പ്രോജക്‌ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിൻെറ നേതൃത്വത്തിൽ വിവരശേഖരണം നടത്തി നഗരസഭയിലെ നിലവിലുള്ള സ്ഥിതി വിലയിരുത്തിയിട്ടുണ്ട്.
ഈ സർവ്വേ പ്രകാരം നഗരസഭയിലെ ജനസംഖ്യ 46956 ആണ്. പ്രതിദിനം കട്ടപ്പന നഗരസഭാ പരിധിയിൽ ഏകദേശം 14 ടൺ ഖരമാലിന്യം സൃഷ്ടിക്കപ്പെടുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
യോഗത്തിൽ നഗരസഭ ഉപാധ്യക്ഷൻ ജോയ് ആനിത്തോട്ടം അധ്യക്ഷത വഹിച്ചു. കേരള ഖരമാലിന്യ പരിപാലന പദ്ധതി ജില്ലാ ഡെപ്യൂട്ടി കോ ഓഡിനേറ്റർ രാഹുൽ എം കെ ആലോചന യോഗം ആമുഖം അവതരിപ്പിച്ചു.
കട്ടപ്പന നഗരസഭ ഖരമാലിന്യ പരിപാലനം എഞ്ചിനീയർ ബോബിന ജോർജ് നിലവിലുള്ള ഖരമാലിന്യ പരിപാലന സംവിധാനങ്ങളുടെ അവതരണം നടത്തി. സോഷ്യൽ ഡെവലപ്മെന്റ് എക്സ്പേർട്ട് അനീഷ് ബാബു എസ് ഗ്രൂപ്പ് തിരഞ്ഞുള്ള ചർച്ചകൾക്ക് നേതൃത്വം നൽകി.
ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി, നഗരസഭാ അംഗങ്ങളായ ജോയ് വെട്ടിക്കുഴി, ഷമേജ് കെ ജോർജ് , സിജു ചക്കുംമൂട്ടിൽ, രാജൻ കാലാച്ചിറ ,തങ്കച്ചൻ പുരയിടം, രജിത രമേശ്, ധന്യ അനിൽ, സോണിയ ജെയ്ബി, ബീന സിബി, ജെസ്സി ബെന്നി, സജിമോൾ ഷാജി, ഏലിയാമ്മ കുര്യാക്കോസ്, മറ്റു ജനപ്രതിനിധികൾ, വ്യാപാര വ്യവസായ സമിതി, ഹരിത കർമ്മ സേന, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ വിഭാഗം ജീവനക്കാർ, വിവിധ വകുപ്പ് തല പ്രതിനിധികൾ, തുടങ്ങിയവർ നിർദേശങ്ങൾ പങ്കുവെച്ചു.