മഹാഭാരതത്തിലെ കർണ്ണനോട് ഉപമിച്ച് ഡി.ജി.പി ടോമിൻ ജെ തച്ചങ്കരിയുടെ വിടവാങ്ങൽ പ്രസംഗം; പൊലീസ് സേനക്ക് വേണ്ടി പ്രത്യേകം ചിട്ടപ്പെടുത്തിയ ഗാനവും തച്ചങ്കരി ആലപിച്ചു
പൊലീസ് സേന ഒരുക്കിയ യാത്രയയപ്പ് പരേഡിൽ കഥയിലൂടെയും ഉപമകളിലൂടെയും നീരസം വ്യക്തമാക്കി ഡിജിപി ടോമിൻ ജെ തച്ചങ്കരി. മഹാഭാരതത്തിലെ കർണ്ണനോട് ഉപമിച്ചായിരുന്നു തച്ചങ്കരിയുടെ വിടവാങ്ങൽ പ്രസംഗം. സംതൃപ്തിയോടെയാണ് താൻ സർവീസിൽ നിന്ന് പടിയിറങ്ങുന്നതെന്ന് പൊലീസ് സേനക്ക് വേണ്ടി തയ്യാറാക്കിയ ഗാനത്തിൽ തച്ചങ്കരി വ്യക്തമാക്കി. 36 വർഷത്തെ സർവീസ് പൂർത്തിയാക്കിയാണ് ടോമിൻ തച്ചങ്കരി പൊലീസ് യൂണിഫോം അഴിച്ചുവെക്കുന്നത്. വിരമിക്കലിന് ശേഷം പല വെളിപ്പെടുത്തലുകളും താൻ നടത്തുമെന്ന സൂചന തച്ചങ്കരി നേരത്തെ നൽകിയിരുന്നു. അതിലേക്ക് വിരൽ ചൂണ്ടുന്ന വാക്കുകളായിരുന്നു പൊലീസ് സേന ഒരുക്കിയ യാത്രയയപ്പ് പരേഡിലെ തച്ചങ്കരിയുടെ വിടവാങ്ങൽ പ്രസംഗം.
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് തച്ചങ്കരിയുടെ പേരുവെട്ടാനുണ്ടായ ഇടപെടലടക്കം പരോക്ഷമായി സൂചിപ്പിക്കുന്നതാണ് അദ്ദേഹത്തിൻറെ വാക്കുകൾ. എങ്കിലും അഭിമാനത്തോടെയും സംതൃപ്തിയോടെയുമാണ് പടിയിറങ്ങുന്നതെന്നും തച്ചങ്കരി സൂചിപ്പിച്ചു. പൊലീസ് സേനക്ക് വേണ്ടി പ്രത്യേകം ചിട്ടപ്പെടുത്തിയ ഗാനവും തച്ചങ്കരി ആലപിച്ചു.