മുത്തംപടിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
ഉപ്പുതറ : കണ്ണംപടി, മുത്തംപടിയിലെ ജനവാസമേഖലയിലെ കൃഷിയിടങ്ങളിൽ
കാട്ടാനക്കൂട്ടം നാശം വിതച്ചു. ചെമ്പനാലിൽ ശശി, തടത്തരികത്ത് സുനിൽ എന്നിവരുടെ കൃഷി ദേഹണ്ഡങ്ങളാണ് ശനിയാഴ്ച രാത്രി കാട്ടാനകൾ തകർത്തത്. കമ്യൂണിറ്റി ഹാളിനുസമീപംവരെ കാട്ടാനയെത്തി. ഏലം, കുരുമുളക്, തെങ്ങ്, കമുക്, മരച്ചീനി തുടങ്ങിയ കൃഷികളാണ് കാട്ടാന നശിപ്പിച്ചത്. പതിനായിരക്കണക്കിനു രൂപയുടെ നഷ്ടമുണ്ട്.
ഇടുക്കി വന്യജീവി സങ്കേതത്തിനുള്ളിലുള്ള 12 ആദിവാസി കുടികളിലും വർഷകാലത്ത് കാട്ടാനശല്യം ഉണ്ടാകാറുണ്ട്. ഏറ്റവും കൂടുതൽ വന്യമൃഗശല്യമുള്ള കുറേ ഭാഗങ്ങളിൽ സോളാർ വൈദ്യുതവേലി സ്ഥാപിച്ചിട്ടുുണ്ട്. എന്നാൽ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കാത്തതിനാൽ ഇവയൊന്നും പ്രവർത്തിക്കുന്നില്ല. കൃഷി നാശത്തിന്
അർഹമായ നഷ്ടപരിഹാരം കിട്ടുന്നില്ലെന്നും പരാതിയുണ്ട്. പകൽ സമയങ്ങളിൽപോലും കൃഷിയിടത്തിൽ ഇറങ്ങാൻ ഭയപ്പെടുകയാണ് ആദിവാസികളായ കർഷകർ.
കൂട്ടംകൂടി ബഹളമുണ്ടാക്കിയാണ് കാട്ടാനയെ തുരത്തുന്നത്. വൈദ്യുതവേലി പ്രവർത്തനക്ഷമമാക്കാനും, അവശേഷിക്കുന്നിടത്ത് പുതിയതു സ്ഥാപിക്കാനും അടിയന്തര നടപടി ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.