ഇടുക്കി അഞ്ചുരുളിയിൽ സർക്കാർ ഭൂമി കയ്യേറി അനധികൃതമായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പണികൾ പോലീസ് തടഞ്ഞു
കട്ടപ്പന :ജല അതോറിറ്റിയുടെ ബൃഹദ് പദ്ധതിയായ ജൽ ജീവൻ മിഷന്റെ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്ന അഞ്ചുരുളി തടാകത്തോട് ചേർന്ന് കിടക്കുന്ന ഭൂമിയാണ് നരിയംപാറ സ്വദേശി കൈയ്യേറി കെട്ടിടം നിർമ്മിച്ചത്.പ്ലാന്റ് സ്ഥാപിക്കാൻ കെ എസ് ഇ ബി വിട്ടു നൽകിയ ഭൂമിയാണ് ഇതെന്നാണ് ജല അതോറിറ്റിയുടെ വാദം.കെട്ടിട നിർമ്മാണ ചട്ടം പാലിക്കാതെ നിർമ്മിക്കുന്ന സ്ഥിരം നിർമ്മിതിയ്ക്ക് കഴിഞ്ഞ 26 ന് കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ്മെമ്മോയും നൽകിയിരുന്നു. ഇത് കണക്കിലെടുക്കാതെ നിർമ്മാണം തുടർന്ന തോടെ ഇന്ന് പൊലീസ് സ്ഥലത്തെത്തി പണികൾ നിർത്തി വയ്പ്പിക്കുകയായിരുന്നു. കെട്ടിടത്തിന്റെ മേൽക്കൂര നിർമ്മാണം നടക്കുന്നതിനിടെയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് നിർമ്മാണം തടഞ്ഞത്.വിഷയം ചൂണ്ടിക്കാട്ടി ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ കലക്ടര്‍ക്ക് കത്ത് നല്‍കി വിവരമറിയിച്ചിരുന്നു.അതേ സമയം ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കമുടലെടുത്തപ്പോൾ നരിയംപാറ സ്വദേശി കോടതിയെ സമീപിച്ചിരുന്നു.പതിറ്റാണ്ടുകളായി തന്റെ കൈവശമിരിക്കുന്ന ഭൂമിയാണിതെന്നാണ് ഇട്ടിയിൽ എ.എം ചാക്കോ പറയുന്നത്.കോടതിയിൽ നിലനിൽക്കുന്ന കേസ് മറച്ചുവച്ചാണ് ജല അതോറിറ്റി ഫയലുകൾ നീക്കിയതെന്നും ഇദ്ദേഹം ആരോപിക്കുന്നു.ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിക്കുന്ന രേഖകൾ കോടതിയിൽ സമർപ്പിച്ചിട്ടുള്ളതാണ്.കെട്ടിട നമ്പറുള്ള പഴയ നിർമ്മിതി നവീകരിക്കുന്ന ജോലിയാണ് നടത്തിയതെന്നും പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമോ തനിക്ക് ലഭിച്ചിട്ടില്ലെന്നും ചാക്കോ വ്യക്തമാക്കി.