അമിത വേഗവും, അനധികൃത പാർക്കിംങ്ങും; വണ്ടിപ്പെരിയാർ – മുണ്ടക്കയം റോഡിൽ ഇടിയോടിടി
പീരുമേട്: കെ.കെ റോഡില്‍ വണ്ടിപ്പെരിയാര്‍ മുതല്‍ മുണ്ടക്കയം വരെ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിലുണ്ടായത് 16 അപകടം.ഇതില്‍ രണ്ടുപേര്‍ മരിച്ചു. 19 ആളുകള്‍ക്ക് പരിക്കേറ്റു.
കടുവാപ്പാറയില്‍ ഓട്ടോയുടെ മുകളിലേക്ക് ലോറി മറിഞ്ഞും ഇതിന് സമീപം വ്യാഴാഴ്ച മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞുമാണ് രണ്ട് ഡ്രൈവര്‍മാര്‍ മരിച്ചത്. കര്‍ക്കടകം ഒന്നിന് അമലഗിരിയില്‍ റോഡില്‍ നിന്ന തമിഴ്നാട് സ്വദേശിയായ ശബരിമല തീര്‍ഥാടകന് കെ.എസ്.ആര്‍.ടി.സി ബസിടിച്ച് പരിക്കേറ്റു. ജൂലൈ ആദ്യവാരം ദിശതെറ്റിയെത്തിയ കാര്‍ ടൂറിസ്റ്റ് ബസിലിടിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ വളഞ്ചാങ്കാനം വളവില്‍ രണ്ട് ലോറികള്‍ അപകടത്തില്‍പെട്ട് ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. കുട്ടിക്കാനത്ത് വെള്ളിയാഴ്ച രാത്രി പൊലീസ് ജീപ്പ് നിയന്ത്രണംവിട്ട് റോഡില്‍ മറിഞ്ഞ് മൂന്നു പൊലീസുകാര്‍ക്ക് പരിക്കേറ്റു. ജൂലൈ ആദ്യവാരം കുട്ടിക്കാനം ജങ്ഷനില്‍ നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചു. ഗുരുതര പരിക്കേറ്റ ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.
നിര്‍ത്താതെ പോയ ഏലപ്പാറ സ്വദേശിയെ പെരുവന്താനം പൊലീസാണ് പിടികൂടിയത്. ജൂലൈ ആദ്യവാരം മത്തായി കൊക്കയില്‍ നിയന്ത്രണംവിട്ട കാര്‍ ക്രാഷ് ബാരിയര്‍ തകര്‍ത്ത് മറിഞ്ഞു. ജൂലൈ എട്ടിന് 55ാം മൈലില്‍ കെ.എസ്.ആര്‍.ടി.സി ബസിന് പിന്നില്‍ ഓട്ടോയിടിച്ച് യാത്രക്കാരന് പരിക്കേറ്റു. കഴിഞ്ഞ 20ന് ഇതിന് സമീപം സ്വകാര്യ ബസും പിക്‌അപ് വാനും കൂട്ടിയിടിച്ചു. വണ്ടിപ്പെരിയാര്‍ നെല്ലിമലയില്‍ സര്‍ക്കാര്‍ മദ്യ വില്‍പനശാലക്ക് മുന്നില്‍ അപകടങ്ങള്‍ പതിവാണ് ജൂലൈയില്‍ മൂന്ന് അപകടമാണ് നടന്നത്. ഓഫ് റോഡ് ജീപ്പും. ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്കേറ്റു. അടുത്ത ദിവസം കാറുകള്‍ കൂട്ടിയിടിച്ചു. റോഡിന്‍റെ ഇരുവശങ്ങളിലും മദ്യം വാങ്ങാൻ എത്തുന്നവര്‍ വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നതാണ് അപകട കാരണം. അനധികൃത പാര്‍ക്കിങ്ങിനെ തുടര്‍ന്ന് ഗതാഗത തടസ്സം ഉണ്ടാകുമ്ബോള്‍ യാത്രാബസുകളും മറ്റ് വാഹനങ്ങളും ഇവിടെ കുടുങ്ങി കിടക്കും. റോഡിലെ പാര്‍ക്കിങ് തടയാൻ പൊലീസും നടപടി സ്വീകരിക്കുന്നില്ല. അമിത വേഗവും അനധികൃത പാര്‍ക്കിങ്ങില്‍ കാഴ്ച മറയ്ക്കുന്നതും അപകടം സൃഷ്ടിക്കുന്നു. സ്ഥിരം അപകട മേഖലയായ നെല്ലിമലയിലെ മദ്യവില്‍പനശാലക്ക് സമീപമുള്ള പാര്‍ക്കിങ് നിയന്ത്രിക്കണമെന്നും പരിശോധന കര്‍ശനമാക്കണമെന്നും ആവശ്യം ഉയര്‍ന്നു.