തേയിലത്തോട്ടം മേഖലയിൽ ആശങ്ക പടരുന്നു ;വാഗുവരൈയിൽ 50-ൽ 15 പേർക്കും കോവിഡ്
മറയൂർ : മൂന്നാർ തേയിലത്തോട്ടം മേഖലയിൽ ആശങ്ക പടർത്തി കോവിഡ് രോഗം പടരുന്നു. വാഗുവരൈ ഫാക്ടറി ഡിവിഷനിൽ ആരോഗ്യ-പഞ്ചായത്ത് വകുപ്പുകളുടെ നേതൃത്വത്തിൽ ശനിയാഴ്ച നടന്ന കോവിഡ് പരിശോധനയിൽ 50 പേരിൽ 15 പേർക്കും രോഗം പോസിറ്റീവായി.
ഇവരെ വീടുകളിൽ തന്നെ നിരീക്ഷണത്തിലാക്കി. ഫാക്ടറി ഡിവിഷനിൽ വെള്ളിയാഴ്ച ഒരാൾ മരിച്ചതോടു കൂടിയാണ് ആന്റിജൻ പരിശോധന ക്യാമ്പ് നടത്തിയത്.
തലയാർ, കടുകുമുടി, വാഗുവരൈ, ചട്ടമൂന്നാർ, കോഫി സ്റ്റോർ, പാമ്പൻമല ഡിവിഷനുകളിൽ നിരവധിയാളുകൾ പനി ബാധിച്ച് കിടക്കുന്നതായി തൊഴിലാളികൾ തന്നെ പറയുന്നു.
ഇവരിൽ ചിലർ മറയൂർ, മൂന്നാർ മേഖലയിലെ സ്വകാര്യ ആശുപത്രികളിലെത്തി പനിക്ക് ചികിത്സ തേടി മരുന്നും വാങ്ങി തിരികെ എസ്റ്റേറ്റിലേക്ക് പോകുന്നുണ്ട്. പക്ഷേ കോവിഡ് ടെസ്റ്റിന് വിധേയരാകാറില്ല. കിട്ടുന്ന ഓട്ടോ, ജീപ്പ് തുടങ്ങിയ വാഹനങ്ങളിൽ എത്തുന്ന ഇവർ കോവിഡ് രോഗബാധിതരാണെങ്കിൽ സമ്പർക്കം കൂടുവാനും സാധ്യതകൾ ഏറെയാണ്.
മൂന്നാർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മാർഷ് പീറ്റർ, പഞ്ചായത്തംഗം കനകമ്മാൾ, ഹെൽത്ത് ഇൻസ്പെക്ടർ ശിവാനന്ദൻ എന്നിവരുടെ ശ്രമഫലമായിട്ടാണ് വാഗുവരൈയിൽ ക്യാമ്പ് നടന്നത്.
മറ്റു മേഖലകളിലേക്ക് പരിശോധന വ്യാപകമാക്കി നിരീക്ഷണ സൗകര്യവും ഒരുക്കുവാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് വൈസ് പ്രസിഡൻറ് മാർഷ് പീറ്റർ പറഞ്ഞു.