നെല്ലിക്കുഴി കെ എസ് ഇ ബി ഓഫീസിന് മുന്നില്‍ പി ഡി പി പ്രവര്‍ത്തകര്‍ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു
നെല്ലിക്കുഴി ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലുള്ള നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 2, 12, 13 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന കമ്പനിപ്പടി പ്രദേശത്ത് രൂക്ഷമായി തുടരുന്ന വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നെല്ലിക്കുഴി അസിസ്റ്റന്റ് എഞ്ചിനിയറുടെ ഓഫീസിന് മുന്നില്‍ പി.ഡി.പി.,പ്രവര്‍ത്തകര്‍ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. നിരവധി നിവേദനങ്ങളുടെ ഫലമായി പ്രദേശത്ത് സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി. ട്രാന്‍സ്ഫോര്‍മര്‍ അനുവദിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും അനുയോജ്യമായ സ്ഥലം കണ്ടെത്തി അത് സ്ഥാപിക്കാന്‍ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം സംഘടിപ്പിച്ചത്. കമ്പനിപ്പടി ജുമാമസ്ജിദിന് എതിര്‍വശത്ത് പി.ഡബ്ള്യു.ഡി. പുറമ്പോക്ക് ഭൂമി യഥേഷ്ടം ലഭ്യമായിട്ടും രാഷ്ട്രീയ ചേരിപ്പോരും ഭരണാധികാരികളുടേയും ഉദ്യോഗസ്ഥരുടേയും അനാസ്ഥ കാരണമായും ആ സ്ഥലം ഉപയോഗപ്പെടുത്താന്‍ ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. മറ്റേതെങ്കിലും സ്ഥലം കണ്ടെത്താനോ പ്രശ്നം പരിഹരിക്കാനോ ഉദ്യോഗസ്ഥ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടാകാത്ത സാഹചര്യവും നിലനില്‍ക്കുകയാണ്. നൂറുകണക്കിന് ഗാര്‍ഹിക ഉപഭോക്താക്കളും നൂറുകണക്കിന് വ്യാപാര വ്യവസായ സ്ഥാപനങ്ങളും ഫര്‍ണീച്ചര്‍ നിര്‍മ്മാണ യൂണിറ്റുകളും നിലവിലുള്ള പ്രദേശത്തെ ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാന്‍ അധികാരികളും ഇലക്ട്രിസിറ്റി വകുപ്പ് ഉദ്യോഗസ്ഥരും അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സമരരംഗത്ത് തുടരാനും കൂടുതല്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും പി.ഡി.പി.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഖാദര്‍ ആട്ടായം പറഞ്ഞു. സംസ്ഥാന സെക്രട്ടറി വി.എം.അലിയാര്‍ സമരം ഉദ്ഘാടനം ചെയ്തു. പി ഡി പി
പഞ്ചായത്ത് കമ്മറ്റിസെക്രട്ടറി ഷിഹാബ് കുരുംബിനാംപാറ , ജമാല്‍ പാറേക്കാട്ട്, ഉമ്മര്‍ കാമ്പാക്കുടി, റിന്‍സാബ് പൂമറ്റം, പരീത് ഇടയാലില്‍ , ഷിയാസ് , റ്റി.എം.അലി, റമിന്‍സ് കക്കാട്ട്, വി.എം.നൗഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.