ഷാരൂഖും സല്‍മാനും ഋത്വിക്കുമല്ല, ഞാന്‍ ആ നടന്റെ കട്ട ഫാന്‍! തുറന്നു പറഞ്ഞ് സാക്ഷി
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ ഭാര്യ സാക്ഷി ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് വളരെ സുപരിചിതയാണ്. വിവാഹശേഷം ധോണിക്കൊപ്പം പൊതുവേദികളിലും മല്സരവേദികളുമെല്ലാം പലപ്പോഴും സാക്ഷിയെ നമുക്കു കാണാന്‍ സാധിക്കും. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മല്‍സരവേദികളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് അവര്‍. ധോണിക്കു വേണ്ടി ആര്‍പ്പുവിളിച്ചും പ്രോല്‍സാഹിപ്പിച്ചും മകള്‍ സിവയ്ക്കൊപ്പം മല്‍സരവേദികളില്‍ സാക്ഷിയുണ്ടാവാറുണ്ട്.
വിവാഹത്തിനു മുമ്പ് പ്രശസ്ത നടിമാരുള്‍പ്പെടെ പലരുമായും ചേര്‍ത്ത് ധോണിയുടെ പേരില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ എല്ലാവരെയും ആശ്ചര്യപ്പെടുത്തിയായിരുന്നു ഒട്ടും തന്നെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ ഇല്ലാത്ത സാക്ഷി അദ്ദേഹത്തിന്റെ ജീവിതസഖിയായത്. ധോണിയെ വിവാഹം കഴിക്കും മുമ്പ് ഹോട്ടല്‍ മാനേജ്മെന്റ് മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു സാക്ഷി.
ഈ സമയത്താണ് ധോണിയുള്‍പ്പെട്ട ഇന്ത്യന്‍ ടീം ഇവിടെ താമസിക്കാനെത്തിയത്. ഇവിടെ വച്ച് ധോണിയുമായി സാക്ഷി പരിചയപ്പടുകയും പിന്നീട് ഇതു പ്രണയത്തിലേക്കു വഴിമാറുകയുമായിരുന്നു. പക്ഷെ ഈ പ്രണയം വളരെ രഹസ്യമാക്കി വയ്ക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. ഒടുവില്‍ 2010ല്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഡെറാഡൂണില്‍ നടന്ന സ്വകാര്യചടങ്ങിലേക്കു ക്രിക്കറ്റര്‍മാര്‍ക്കു പോലും ക്ഷണമുണ്ടായിരുന്നില്ല. നിലവില്‍ ധോണിയുടെ പല ബിസിനസുകളും കൈകാര്യം ചെയ്യുന്നത് സാക്ഷിയാണ്. അടുത്തിടെ ധോണി സിനിമാ മേഖലയിലും തന്റെ സാന്നിധ്യമറിയിച്ചിരുന്നു. ധോണി എന്റര്ടെയ്ന്മെന്റ് എന്ന പേരിലാണ് പുതിയ പ്രൊഡഷന്‍ കമ്പനിക്കു ധോണിയും സാക്ഷിയും ചേര്‍ന്ന് തുടക്കമിട്ടത്.
തമിഴ് സിനിമയായ എല്‍ജിഎം (ലെറ്റ്സ് ഗെറ്റ് മാരീഡ്) ആണ് ധോണിയുടെ പ്രൊഡക്ഷന്‍ കമ്പനിയില്‍ നിന്നുള്ള ആദ്യത്തെ സിനിമ. ഈ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ധോണിയും സാക്ഷിയും പല ചടങ്ങുകളിലും പങ്കെടുക്കുകയും ചെയ്തിരുന്നു. കടുത്തൊരു സിനിമാ ആരാധിക കൂടിയാണ് സാക്ഷി. ബോളിവുഡ് സിനികളേക്കാള്‍ സൗത്ത് ഇന്ത്യന്‍ സിനിമകളോടാണ് അവര്‍ക്കു കൂടുതല്‍ പ്രിയം. ഈ കാരണത്താല്‍ തന്നെയാവാം ധോണി പ്രൊഡക്ഷന്‍സ് തമിഴ് സിനിമയിലൂടെ അരങ്ങേറുകയും ചെയ്തിരിക്കുന്നത്. സൗത്ത് ഇന്ത്യന്‍ സിനിമകളെ മാത്രമല്ല തന്റെ ഫേവറിറ്റ് നടനും ഇവിടെ നിന്നുള്ളയാളാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സാക്ഷി.