പ്ലാസ്റ്റിക് റീസൈക്ലിംഗിന്‍റെ വേറിട്ട മാതൃക തീര്‍ത്തിരിക്കുകയാണ് സന്യാസിയോട പട്ടം മെമ്മോറിയല്‍ സ്‌കൂള്‍
നെടുങ്കണ്ടം: പ്ലാസ്റ്റിക് റീസൈക്ലിംഗിന്‍റെ വേറിട്ട മാതൃക തീര്‍ത്തിരിക്കുകയാണ് സന്യാസിയോട പട്ടം മെമ്മോറിയല്‍ സ്‌കൂള്‍. 5000ല്‍ അധികം പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ചു കുട്ടികള്‍ക്കായി കുപ്പിവീട് തന്നെയാണ് അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്.
കുട്ടികള്‍ ഒരു മാസത്തോളമെടുത്താണ് അയ്യായിരത്തോളം കുപ്പികള്‍ സമാഹരിച്ചത്. ഇതാണ് ഈ നിര്‍മിതിയിലെ അസംസ്‌കൃത വസ്തു. പ്രശസ്ത കലാകാരനായ പി.കെ. സജി പൂതപ്പാറയുടെ നേതൃത്വത്തില്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെയാണ് കുപ്പിവീട് യാഥാര്‍ഥ്യമായത്. കുട്ടികളെ പ്ലാസ്റ്റിക് റീസൈക്ലിംഗിന്‍റെ ബാലപാഠങ്ങള്‍ പഠിപ്പിക്കുക എന്ന ഉദ്ദേശ്യമാണ് ഈ ഉദ്യമത്തിനു പിന്നില്‍.
പ്ലാസ്റ്റിക് കുപ്പികളില്‍ സിമന്‍റ് നിറച്ച് അടിത്തറയും മണ്ണ് നിറച്ചു ഭിത്തിയും വെള്ളം നിറച്ചു ജനാലകളും നിര്‍മിച്ചു. ഇതോടെ മഴയും വെയിലുമൊന്നും ഏല്ക്കാത്ത ദൃഢമായ വീടായി കുപ്പിവീട് മാറി. കുട്ടികള്‍ക്കു പഴയ വസ്തുക്കള്‍ പരിചയപ്പെടുത്താനുള്ള പുരാവസ്തു മുറിയായാണ് ഇത് ഉപയോഗിക്കുന്നത്.
കുപ്പിവീടിന് തൊട്ടു മുമ്ബിലായി ചില്ലുകുപ്പികള്‍ ഉപയോഗിച്ചു കിണറും നിര്‍മിച്ചിട്ടുണ്ട്. പ്രകൃതി സംരക്ഷണത്തിന്‍റെ വേറിട്ട കാഴ്ചയാണ് സന്യാസിയോട പട്ടം മെമ്മോറിയല്‍ ഗവ.എല്‍പി സ്‌കൂളില്‍ കാണാനാവുന്നത്.