പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
തിരുവനന്തപുരം അഞ്ചുതെങ്ങിൽ നവജാത ശിശുവിനെ കൊന്നു കുഴിച്ചിട്ട അമ്മ അറസ്റ്റിൽ . മാമ്പള്ളി സ്വദേശി ജൂലിയാണ് പിടിയിലായത്. നവജാത ശിശുവിന്റെ മൃതദേഹം നായ്ക്കൾ കടിച്ചുകീറിയ നിലയിലാണ് കണ്ടെത്തിയത്.
പതിനെട്ടാം തീയതിയാണ് മാമ്പള്ളി തീരത്ത് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാമ്പള്ളി സ്വദേശി ജൂലിയെ കസ്റ്റഡിയിലെടുത്തത്. പ്രസവത്തോടെ കുട്ടി മരിച്ചെന്നും കുഴിച്ചുമൂടിയെന്നും ജൂലി സമ്മതിച്ചു. പോസ്റ്റ്മോർട്ടത്തിൽ ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രസവിച്ച് നിമിഷങ്ങൾക്കകം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന കുറ്റസമ്മതം. 15 ന് പുലർച്ചെ വീട്ടിലെ ശുചി മുറിയിലായിരുന്നു പ്രസവം. കൊലപ്പെടുത്തിയ കുഞ്ഞിനെ ശുചി മുറിക്ക് സമീപം വെട്ടുകത്തി കൊണ്ട് കുഴിയെടുത്ത് കുഴിച്ച് മൂടി. വിധവയാണെന്നും നാണക്കേട് ഭയന്നാണ് കുറ്റകൃത്യമെന്നും പ്രതി സമ്മതിച്ചു. കുഴിച്ചിട്ട മൃതദേഹം തെരുവുനായ്ക്കൾ വലിച്ച് പുറത്തിട്ടതു കൊണ്ടാണ് ക്രൂരകൃത്യം പുറം ലോകമറിഞ്ഞത്.