കാർഷിക, വൈദ്യുതി മേഖലയിൽ വ്യാപക നാശം
നെടുങ്കണ്ടം: കാർഷിക മേഖലയിൽ നാശം വിതച്ച് കാറ്റും മഴയും. ഏലം, കുരുമുളക്, വാഴ തോട്ടങ്ങളിൽ വ്യാപക നാശം. കനത്ത മഴയിലും കാറ്റിലും ഉടുമ്പൻചോല താലൂക്കിൽ വ്യാപക നാശനഷ്ടം.
വെള്ളിയാഴ്ച വൈകിട്ടോടെ ആരംഭിച്ച കാറ്റിലും മഴയിലും താലൂക്കിലെ 26 വീടുകൾ ഭാഗികമായും രണ്ട് വീടുകൾ പൂർണമായും തകർന്നു. കാറ്റിൽ മരങ്ങൾ കടപുഴകിവീണ് വൈദ്യുതി ലൈനുകൾക്ക് മേൽ പതിച്ച് താലൂക്കിലെ മിക്ക പ്രദേശങ്ങളിലും വൈദ്യുത ബന്ധം തടസപ്പെട്ടു. മരം വീണ് നിരവധി പോസ്റ്റുകളും തകർന്നിട്ടുണ്ട്. വിവിധ മേഖലകളിലായി ലക്ഷങ്ങളുടെ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് റവന്യൂ വകുപ്പ് ആരംഭിച്ചു. വെള്ളിയാഴ്ച രാത്രിയിലുണ്ടായ കനത്ത കാറ്റിലാണ് നാശനഷ്ടങ്ങൾ കൂടുതലുണ്ടായത്. കനത്ത കാറ്റിൽ വീടുകളുടെ മേൽക്കൂര പറന്നുപോയി. രാമക്കൽമെട്ട്, വണ്ടൻമേട്, കമ്പംമെട്ട്, ചെമ്മണ്ണാർ മേഖലകളിൽ നിരവധി കാലിത്തൊഴുത്തുകളുടെ മേൽക്കൂരകളും കാറ്റിലും മരംവീണും തകർന്നിട്ടുണ്ട്. കാറ്റിലും മഴയിലും ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ശക്തമായ കാറ്റിൽ നെടുങ്കണ്ടത്തും തൂക്കുപാലത്തും മരച്ചില്ലകൾ ഒടിഞ്ഞ് വ്യാപാര സ്ഥാപനങ്ങളുടെ മുകളിലേക്ക് വീണു. നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകളും കാറ്റിൽ പറന്നുപോയി. കുമളി-മൂന്നാർ സംസ്ഥാന പാതയിൽ മൂന്നിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായെങ്കിലും ഗതാഗത തടസമില്ല. ഉടുമ്പൻചോലക്ക് സമീപം 12 ഇടത്ത് മരം വീണു. കാറ്റിൽ മേഖലയിലെ 25 വൈദ്യുത പോസ്റ്റുകൾ തകർന്നിട്ടുണ്ട്. ചേമ്പളത്തിന് സമീപം വട്ടപ്പാറയിൽ 33 കെ.വി.വൈദ്യുതി ലൈനിന് മുകളിലേക്ക് മരംവീണ് വൈദ്യുതി തടസപ്പെട്ടു. ഇവിടെ അഞ്ച് പോസ്റ്റുകളും തകർന്നിട്ടുണ്ട്. വട്ടപ്പാറയിൽ നിന്നും എംഇഎസ്.കോളജിലേക്കുള്ള വഴിയിൽ മരം വീണ് നാല് പോസ്റ്റുകൾ തകർന്നു. കരുണാപുരം, കമ്പംമെട്ട്, വണ്ടൻമേട് എന്നീ മേഖലകളിലും മരംവീണ് നിരവധി പോസ്റ്റുകൾ തകർന്നിട്ടുണ്ട്.