പ്രസിഡന്റ് കൂടെ നിന്നു; കണയങ്കവയലിലെ കുട്ടികള്‍ക്ക് കളിയിടം തിരികെ കിട്ടി…
പഞ്ചായത്ത് പ്രസിഡന്റ് മുന്നിട്ടിറങ്ങിയപ്പോള്‍ കണയങ്കവയലിലെ കുട്ടികള്‍ക്ക് തിരികെ കിട്ടിയത് അവരുടെ പ്രിയപ്പെട്ട കളിയിടം.
കാട് മൂടിക്കിടന്ന പെരുവന്താനം കണയങ്കവയലിലെ മൈതാനമാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോമിന സജിയുടെ നേതൃത്വത്തില്‍ നവീകരിച്ച് കുട്ടികള്‍ക്ക് നല്‍കിയത്. കളിക്കളങ്ങള്‍ നഷ്ടമായ നാടുകള്‍ക്ക് മാതൃകയാവുകയാണ് പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റും കണങ്കവയലിലെ കളിമൈതാനവും.
മൈതാനം കാടുമൂടി നശിച്ചതോടെ കളിയിടം നഷ്ടമായ കുട്ടികള്‍ പഞ്ചായത്ത് പ്രസിഡന്റിനെ സമീപിക്കുകയായിരുന്നു. കളിയിടങ്ങള്‍ അന്യമാകുമ്പോള്‍ കുട്ടികള്‍ക്ക് അവരുടെ ബാല്യത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍ കൂടിയാണ് നഷ്ടപ്പെടുന്നത് എന്ന് മനസ്സിലാക്കി വാര്‍ഡ് അംഗം കൂടിയായ പ്രസിഡന്റ് കൂടെ നിന്നതോടെ കണയങ്കവയലിലെ മൈതാനത്ത് വീണ്ടും ആരവമുയര്‍ന്നു. പഞ്ചായത്തിലെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും കളികളില്‍ ഏര്‍പ്പെടാനുള്ള അന്തരീക്ഷം ഒരുക്കാന്‍ മുന്നിട്ടിറങ്ങേണ്ട ആവശ്യകത മനസിലാക്കി പഞ്ചായത്തും ഒപ്പം നിന്നതോടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2.5 ലക്ഷം രൂപ വിനിയോഗിച്ച് കാട് മൂടികിടന്ന മൈതാനം വെട്ടിത്തെളിച്ച് നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് മൈതാനത്ത് പോസ്റ്റുകള്‍ സ്ഥാപിക്കുകയും നെറ്റുകള്‍ സജ്ജീകരിക്കുകയും ചെയ്തു. കൂടാതെ വോളിബോള്‍, ഫുട്ബോള്‍, ക്രിക്കറ്റ് എന്നിവയ്ക്ക് ആവശ്യമായ ഉപകരണങ്ങളും പഞ്ചായത്ത് പ്രസിഡന്റ് സ്വന്തം കയ്യില്‍ നിന്നും പണം മുടക്കി കുട്ടികള്‍ക്ക് വാങ്ങി നല്‍കി. കുട്ടികളുടെ വളര്‍ച്ചയിലും വ്യക്തിത്വ വികാസത്തിലും കളിയുടെ പ്രാധാന്യം തള്ളിക്കളയാനാവില്ലെന്നും ആരോഗ്യവും കായികക്ഷമതയും വര്‍ധിപ്പിച്ച് കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും അവരുടെ കര്‍മമണ്ഡലത്തില്‍ മികവ് പുലര്‍ത്താന്‍ അവസരമൊരുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഡോമിന സജി പറഞ്ഞു. കണയങ്കവയലിലെ മൈതാനത്ത് നിന്നും ഉയരുന്ന കുട്ടികളുടെ ആരവം അങ്ങിനെ ഒരു നാടിന് തന്നെ ഉണര്‍വ് പകരുകയാണ്.