കാറ്റും മഴയും; ഉടുമ്പന്‍ചോല താലൂക്കില്‍ വ്യാപക നാശനഷ്ടം
നെടുങ്കണ്ടം: കനത്ത മഴയിലും കാറ്റിലും ഉടുമ്പന്‍ചോല താലൂക്കില്‍ വ്യാപക നാശനഷ്ടം. വെള്ളിയാഴ്ച വൈകിട്ടോടെ ആരംഭിച്ച കാറ്റിലും മഴയിലും താലൂക്കിലെ 19 വീടുകള്‍ ഭാഗീകമായും രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കാറ്റില്‍ മരങ്ങള്‍ കടപുഴകിവീണ് വൈദ്യുതി ലൈനുകള്‍ക്ക് മേല്‍ പതിച്ച് താലൂക്കിലെ മിക്ക പ്രദേശങ്ങളിലും വൈദ്യുത ബന്ധം തടസപ്പെട്ടു. മരം വീണ് നിരവിധി പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്. വിവിധ മേഖലകളിലായി ലക്ഷങ്ങളുടെ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് റവന്യൂ വകുപ്പ് ആരംഭിച്ചു. കാന്തിപ്പാറ വില്ലേജിലെ ഏഴരയേക്കറില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചതായും തഹസില്‍ദാര്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രിയിലുണ്ടായ കനത്ത കാറ്റിലാണ് നാശനഷ്ടങ്ങള്‍ കൂടുതലുണ്ടായത്. ആനവിലാസം വില്ലേജില്‍ ഏഴ് വീടുകളും, വണ്ടന്‍മേട് വില്ലേജില്‍ അഞ്ച് വീടുകളും, കരുണാപുരം, അണക്കര വില്ലേജുകളില്‍ മൂന്ന് വീടുകള്‍ വീതവും, കല്‍ക്കൂന്തല്‍ വില്ലേജില്‍ ഒരു വീടുമാണ് ഭാഗികമായി തകര്‍ന്നത്. വണ്ടന്‍മേട് വില്ലേജില്‍ രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. കനത്ത കാറ്റില്‍ വീടുകളുടെ മേല്‍ക്കൂര പറന്നുപോയി. രാമക്കല്‍മെട്ട്, വണ്ടന്‍മേട്, കമ്പംമെട്ട്, ചെമ്മണ്ണാര്‍ മേഖലകളില്‍ നിരവിധി കാലിത്തൊഴുത്തുകളുടെ മേല്‍ക്കൂരകളും കാറ്റിലും മരംവീണും തകര്‍ന്നിട്ടുണ്ട്. കാറ്റിലും മഴയിലും ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വീട് അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമാണ് ഏഴരയേക്കറിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിലവിലുള്ളത്.ശക്തമായ കാറ്റില്‍ നെടുങ്കണ്ടത്തും തൂക്കുപാലത്തും മരച്ചില്ലകള്‍ ഒടിഞ്ഞ് വ്യാപാര സ്ഥാപനങ്ങളുടെ മുകളിലേക്ക് വീണു. നിരവിധി വ്യാപാര സ്ഥാപനങ്ങളുടെ ബോര്‍ഡുകളും കാറ്റില്‍ പറന്നുപോയി. കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ മൂന്നിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായെങ്കിലും ഗതാഗത തടസമില്ല. ഉടുമ്പന്‍ചോലക്ക് സമീപം 12 ഇടത്ത് മരം വീണു. കാറ്റില്‍ മേഖലയിലെ പത്തോളം വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നിട്ടുണ്ട്. ചേമ്പളത്തിന് സമീപം വട്ടപ്പാറയില്‍ 33 കെ.വി.വൈദ്യുതി ലൈനിന് മുകളിലേക്ക് മരംവീണ് വൈദ്യുതി തടസപ്പെട്ടു. ഇവിടെ അഞ്ച് പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്. വട്ടപ്പാറയില്‍ നിന്നും എം.ഇ.എസ്.കോളജിലേക്കുള്ള വഴിയില്‍ മരം വീണ് നാല് പോസ്റ്റുകള്‍തകര്‍ന്നു. ഇതോടെ കോളജ് ഹോസ്റ്റലില്‍ പ്രവര്‍ത്തിക്കുന്ന പാമ്പാടുംപാറ പഞ്ചായത്തിന്റെ ഡൊമിസെയില്‍ സെന്ററിലും വൈദ്യുതി മുടങ്ങി. കരുണാപുരം, കമ്പംമെട്ട്, വണ്ടന്‍മേട് എന്നീ മേഖലകളിലും മരംവീണ് നിരവിധി പോസ്റ്റുകള്‍ തകര്‍ന്നിട്ടുണ്ട്. രാമക്കല്‍മെട്ടില്‍ വൈദ്യുത പോസ്റ്റ് ഒടിഞ്ഞ് വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളില്‍ വീണു. വൈദ്യുതിബന്ധം പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ശനിയാഴ്ച രാത്രിയിലും പുരോഗമിക്കുകയാണെന്ന് കെ.എസ്.ഇ.ബി.അധികൃതര്‍ അറിയിച്ചു. ഉടുമ്പന്‍ചോല, കോമ്പയാര്‍, ആനക്കല്ല്, രാമക്കല്‍മെട്ട്, കമ്പംമെട്ട് മേഖലകളിലാണ് വ്യാപക കൃഷിനാശം ഉണ്ടായിരിക്കുന്നത്. കാറ്റില്‍ കമ്പംമെട്ട്, വണ്ടന്‍മേട് മേഖലകളിലെ കര്‍ഷകരുടെ കുലച്ചുനിന്ന വാഴകള്‍ പലതും നിലംപൊത്തി. മരങ്ങളും, മരച്ചില്ലകളും ഒടിഞ്ഞുവീണ് ഏലം കൃഷിക്കും വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്.ദുരന്ത നിവാരണത്തിനും, അടിയന്തിര സഹായത്തിനുമായി ഉടുമ്പന്‍ചോല താലൂക്കില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍: 04868 232050