കുമ്പളത്തില (പത്തില തോരൻ)
ഡോ. ആതിര കുമാരന്‍ എഴുതുന്ന ഫീച്ചര്‍
സംസ്കൃതത്തിൽ കൂശ്മാണ്ഡം എന്നറിയപ്പെടുന്ന കുമ്പളം ആയുർവേദത്തിൽ സവിശേഷ സ്ഥാനമുള്ള സസ്യമാണ്. കുക്കുർ ബേസിയ എന്ന സസ്യ കുടുംബത്തിലെ ഒരു വള്ളിച്ചെടിയാണ് കുമ്പളം അഥവാ കുമ്പളങ്ങ .കേരളത്തിൽ സാധാരണയായി ഇത് ഒരു പച്ചക്കറിയായി ഉപയോഗിച്ചുവരുന്നു. എന്നാൽ, അനേകം പോഷക ഗുണവും ഔഷധഗുണവും ഉള്ള ഒന്നാണിത്. കാൽസ്യം, മഗ്നീഷ്യം എന്നിവയെല്ലാം കുമ്പളത്തിൽ അടങ്ങിയിരിക്കുന്നു .വൈറ്റമിൻ എ റൈബോ ഫ്ലാവിൻ , അന്നജം കൊഴുപ്പ്,എന്നിവയുടെയും കലവറയാണ് കുമ്പളം. നെയ് കുമ്പളങ്ങ, സാധാരണ ഇടത്തരം കുമ്പളങ്ങ, തടിയൻ കായ് എന്നിങ്ങനെ സാധാരണയായി കണ്ടുവരുന്നു. ഇതിൽ നെയ് കുമ്പളങ്ങ എന്ന ഇനത്തിനാണ് കൂടുതൽ മതിപ്പുള്ളത്. തൈക്കുമ്പളവും പോഷക ഗുണത്തിൽ കേമനാണ്. ഇതിൻറെ തൊലി, കായ, കുരു ,നീര്, ഇല എന്നിവയെല്ലാം ഔഷധ പ്രാധാന്യമുള്ളതാണ്.
കുമ്പളങ്ങ നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ശരീരകാന്തി, ധാതുപുഷ്ടി, മൂത്രാശയശുദ്ധി തുടങ്ങിയവ ഉണ്ടാകും. മാത്രമല്ല, കുമ്പളങ്ങ പ്രമേഹം ,രക്തദോഷം, മഞ്ഞപ്പിത്തം, മൂത്ര തടസ്സം എന്നിവയ്ക്കും വളരെ ഫലപ്രദമാണ്. ഇത് പതിവായി കഴിച്ചാൽ ശുക്ലം വർദ്ധിപ്പിക്കുന്നതിന് വളരെ പ്രയോജനമാണ് .ശരീരഭാരം കുറയ്ക്കുന്നതിന് നല്ല ഒരു മാർഗമാണ് കുമ്പളങ്ങയില നീര് . അല്പം തേനും ചേർത്ത് വെറും വയറ്റിൽ പതിവായി കഴിക്കാവുന്നതാണ്. വളരെ ആരോഗ്യഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഒന്നാണ് കുമ്പളങ്ങ. പനി, വയറുകടി തുടങ്ങി നിരവധി രോഗങ്ങൾക്കുള്ള മരുന്നാണ് കുമ്പളങ്ങ. ഇതിന്റെ ഇലയും തണ്ടും ഉപയോഗിക്കാം. 100 ഗ്രാം കുമ്പളങ്ങയിൽ 13 കിലോ കലോറി ഉണ്ട്. അന്നജം, പ്രോട്ടീൻ, ഭക്ഷ്യനാരുകൾ, കാൽസ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ് എന്നിവ കുമ്പളങ്ങയിലുണ്ട്.
കുമ്പളങ്ങയിലെ നാരുകൾ ദഹനം സാവധാനത്തിലാക്കുന്നു.പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും കാഴ്ചശക്തി വർധിപ്പിക്കുന്നതിനും കുമ്പളങ്ങ സഹായിക്കുന്നു.
ദഹനത്തെ സഹായിക്കുകയും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ശരീര ഊർജനില വർധിപ്പിക്കാനും സഹായിക്കുന്നു .
ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന പച്ചക്കറിയാണിത്. സ്‌ട്രെസ് ഹോർമോണിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന റൈബോഫ്ലേവിൻ അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡിന്റെ അളവും നിയന്ത്രിക്കുന്നു. നാരുകൾ ധാരാളം അടങ്ങിയതിനാൽ മലബന്ധം അകറ്റുന്നു. കഫശല്യം അകറ്റാനും വിളർച്ച ശരീര ക്ഷീണം എന്നിവ തടയാനും കുമ്പളങ്ങ പതിവായി ഉപയോഗിക്കുന്നത് നല്ലതാണ്. ഉത്കണ്ഠ, ഉറക്കമില്ലായ്‌മ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെല്ലാം അകറ്റാൻ കുമ്പളങ്ങയുടെ പതിവായ ഉപയോഗം സഹായിക്കും.