അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനപട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്ന നൂതനപദ്ധതിയായ അക്രഡിറ്റഡ് എഞ്ചിനീയര്‍ അല്ലെങ്കില്‍ ഓവര്‍സിയര്‍ നിയമനത്തിന് അര്‍ഹരായ ഇടുക്കി ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ 6 ഒഴിവുകളിലേക്ക് സിവില്‍ എഞ്ചിനീയറിംഗ് ബിരുദമോ ഡിപ്ലോമ അല്ലെങ്കില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 21 വയസ്സ് പൂര്‍ത്തിയായവരും 35 വയസ്സ് കഴിയാത്തവരുമായിരിക്കണം. പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള വിവിധ ഓഫീസുകളിലും വിവിധ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലുമായിരിക്കും നിയമനം. പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18,000 രൂപ ഓണറേറിയം ലഭിക്കും. ജില്ലാതലത്തില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പരിശീലനത്തിന് തിരഞ്ഞെടുക്കുന്നത്. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ മാത്രം അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. അക്രഡിറ്റഡ് എഞ്ചിനീയര്‍ അല്ലെങ്കില്‍ ഓവര്‍സിയറായി നിയമിക്കപ്പെടുന്നവര്‍ക്ക് സ്ഥിരനിയമനത്തിന് അര്‍ഹത ഉണ്ടാവില്ല. ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം.
അപേക്ഷാ ഫോം ഇടുക്കി ഐറ്റിഡി പ്രോജക്ട് ഓഫീസ്, അടിമാലി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. www.stdd.kerala.gov.in എന്ന വെബ്സൈറ്റിലും ഫോം ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അടിമാലി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിലോ തൊടുപുഴ ഐ.റ്റി.ഡി.പി. ഓഫീസിലോ സമര്‍പ്പിക്കണം. ഒരാള്‍ ഒന്നിലധികം ജില്ലകളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ പാടില്ല. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31 വൈകുന്നേരം 5 മണി.