കൊടിത്തൂവ (ചൊറിയണം) (പത്തില തോരൻ)
കടുകിത മധുര രസ പ്രധാനമായ കൊടിത്തൂവ, കേരളത്തിലുടനീളം കാണപ്പെടുന്ന നിത്യഹരിത ഔഷധിയാണ് .സംസ്കൃതത്തിൽ ഇതിനെ ‘ദുസ്പർശ’ എന്നാണ് വിളിക്കുന്നത്. തൊട്ടാൽ ചൊറിയും എന്ന അർത്ഥത്തിൽ നിന്നുമാണ് ഈ പേര് ഇതിന് വന്നത്. നമ്മുടെ നാട്ടിൽ ഇതിനെ ചൊറിയണം എന്നും കൊടിത്തൂവ അല്ലെങ്കിൽ കടിത്തുമ്പ എന്നും വിളിക്കാറുണ്ട്. ഇതിന്റെ ഇല നമ്മുടെ ചർമ്മവുമായി സമ്പർക്കം പുലർത്തുമ്പോൾ ഇവ ചൊറിച്ചിൽ അല്ലെങ്കിൽ പൊള്ളൽ ഉണ്ടാക്കുന്നു. ഇവയുടെ രോമങ്ങളിൽ നിന്നും മുകുളങ്ങളിൽ നിന്നും ഹിസ്റ്റമിൻ ,സൈറോടോണിക് ,കോളിൻ എന്നീ രാസവസ്തുക്കൾ പുറത്തുവിടുന്നതിനാലാണ് ചൊറിച്ചിൽ ഉണ്ടാവുന്നത്. ആയുർവേദത്തിൽ ഔഷധങ്ങൾക്കായി കൊടിത്തൂവ ധാരാളമായി ഉപയോഗിക്കാറുണ്ട്. ശീത ഗുണമായ കൊടിത്തൂവ രക്താർശസിൽ വളരെ ഉത്തമമാണ്. മാംസാങ്കുരത്തിൽ നിന്നും വരുന്ന രക്തസ്രാവം നിർത്തി അവ ചുരുങ്ങി പോകാൻ സഹായിക്കുന്ന ഒന്നാണ് കൊടിത്തൂവ .
രക്തശുദ്ധീകരണത്തിന് സഹായിക്കുന്ന ഭക്ഷ്യവസ്തു കൂടിയാണ് ചൊറിയണം.
ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു.
പുകവലി കാരണം ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന നിക്കോട്ടിൻ മാറ്റാൻ പറ്റിയ മരുന്നാണ് ചൊറിയണം.
ക്യത്യമല്ലാത്ത ആർത്തവം, ആർത്തവസംബന്ധമായ വേദന ഇവയ്ക്കെല്ലാം പരിഹാരമാണ് കൊടിത്തൂവ.
കിഡ്നിയുടെ ആരോഗ്യത്തിനും മികച്ചതാണിത്. യൂറിനറി ഇൻഫെക്ഷൻ മൂത്രത്തിൽ കല്ല് തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം ഇത് മരുന്നായി ഉപയോഗിക്കാവുന്നതാണ്.രക്തത്തിലെ യൂറിക്കാസിഡിന്റെ അളവ് കുറയ്ക്കുകയും രക്തത്തിന്റെ പിഎച്ച് മൂല്യം ക്രമീകരിക്കുവാനും ഇത് വളരെ നല്ലതാണ്. കൂടാതെ നല്ല ഉറക്കം ലഭിക്കുവാൻ സഹായിക്കുന്ന ഒന്നാണ് കൊടിത്തൂവ . ഏറ്റവും എളുപ്പത്തിൽ ഇതുകൊണ്ട് വെള്ളം തിളപ്പിച്ച് കുടിക്കാം. ‘നെറ്റിൽ ടി’ എന്നാണ് ഇത് അറിയപ്പെടുന്നത് . വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് ഇളം ചൂടാകുമ്പോൾ തേനും ചേർത്ത് കഴിക്കാം.
ചർമ്മരോഗങ്ങൾക്കും ഇത് നല്ലൊരു മരുന്നാണ്.
ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് , അസിഡിറ്റി പ്രശ്നങ്ങൾ അകറ്റാനും കുടലിലെ വ്രണങ്ങൾ കരിച്ചു കളയാനും വളരെ ഉത്തമമാണ് ഈ ഔഷധം.
ശരീരത്തിലെ നീർക്കെട്ട് തടയും.
ഇലകൾ അയൺ സമ്പുഷ്ടമായതിനാൽ രക്തക്കുറവുള്ളവർക്ക് ഇതിന്റെ ഇലയിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാൽ ഹീമോഗ്ലോബിന്റെ അളവ് വർധിക്കും.
കാത്സ്യം സമ്പുഷ്ടമായതിനാൽ സന്ധിവേദന പോലുള്ള അസുഖങ്ങൾ പ്രത്യേകിച്ച് പ്രായമായവർക്കുണ്ടാകുന്ന അസ്ഥി തേയ്മാന പ്രശ്നങ്ങൾ മാറിക്കിട്ടും.
ഇത് മോശം കൊളസ്ട്രോൾ ആയ എൽഡിഎൽ കൊളസ്ട്രോൾ നിയന്ത്രിക്കുകയും ഇതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സിരകളിലും ധമനികളിലും കരളിലും മറ്റും അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പ് നീക്കം ചെയ്യുവാനും ഇതിന് കഴിവുണ്ട് .
പാൻക്രിയാസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും.
ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ് തൈറോയ്ഡ് രോഗങ്ങൾ . ഇതിൽ ഹൈപ്പോ തൈറോയിഡിസത്തിന് കൊടിത്തൂവ ‘നെറ്റിൽ ടി’ ആയിട്ട് ഉപയോഗിക്കാം. ഇത് ദിവസം രണ്ടുമൂന്ന് തവണ കുടിക്കുന്നത് ഗുണം നൽകും. ഇതിൽ വൈറ്റമിൻ ബി 6,എ ,കാൽസ്യം,അയൺ , മഗ്നീഷ്യം , അയഡിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ ഐഡിൻ തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനത്തിന് സഹായിക്കുന്നു.
പൊട്ടാസ്യം,അയൺ, ഫോസ്ഫറസ് വൈറ്റമിൻ സി, എ ,ക്ലോറോഫിൽ എന്നിവ അടങ്ങിയ കൊടിത്തൂവ മുടികൊഴിച്ചിൽ അകറ്റാനും ഏറെ നല്ലതാണ്.
ഉപയോഗിക്കേണ്ട വിധം:
കൊടിത്തൂവ ഉപയോഗിക്കുന്നതിനു മുൻപായി ചെറിയ ചൂടുവെള്ളത്തിൽ ഇട്ടുവയ്ക്കുക. അപ്പോൾ ഇതിന്റെ ചൊറിച്ചിൽ മാറി കിട്ടുന്നതാണ്. ഇവയുടെ കൂമ്പും തളിരിലയും ആണ് തോരനായി ഉപയോഗിക്കാറ്.