പ്ലസ് വൺ സീറ്റ് പ്രതിസന്ധി; 97 താത്കാലിക ബാച്ചുകൾ കൂടി വേണമെന്ന് വിദ്യാഭ്യാസ വകുപ്പ്, തീരുമാനം മറ്റെന്നാൾ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധി പരിഹരിക്കാന്‍ 97 താത്കാലിക ഹയര്‍ സെക്കണ്ടറി ബാച്ചുകള്‍ കൂടി അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ. മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച ശുപാര്‍ശയില്‍ മറ്റന്നാള്‍ ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനം എടുക്കും.
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടിക കഴിഞ്ഞ ദിവസം രാത്രി പ്രസിദ്ധീകരിച്ചിരുന്നു. ഏകജാലക സംവിധാനം വഴി ഇതുവരെ നടന്ന അലോട്ട്മെന്റുകളില്‍ പ്രവേശനം ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും സപ്ലിമെന്ററി അലോട്ട്മെന്റില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ജൂലൈ 20 വരെയാണ് സമയം അനുവദിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ തന്നെ പ്രവേശനം സാധ്യമാവും. ജുലൈ 25 വൈകുന്നേരം നാല് മണി വരെ പ്രവേശനം നടക്കും. അലോട്ട്മെന്‍റ് വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റ് ലിങ്കിലൂടെ ലഭിക്കും. ഇതിന് ശേഷമുള്ള മറ്റ് അലോട്ട്മെന്റുകളുടെ വിവരങ്ങള്‍ ജൂലൈ 27ന് വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അതേ സമയം രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷവും സീറ്റ് പ്രതിസന്ധി നിലനില്‍ക്കുകയാണ്. മലപ്പുറം ജില്ലയില്‍ സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് അപേക്ഷ നല്‍കിയ 9,707 പേരില്‍ 1,392 പേര്‍ക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. മലപ്പുറത്ത് മാത്രം 8,338 പേര്‍ പ്ലസ് വണ്‍ പ്രവേശനം ലഭിക്കാതെ പുറത്തു നില്‍ക്കുകയാണ്. പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും സമാനമായ അവസ്ഥയുണ്ട്.