സ്വർണ്ണമാല മോഷ്ടിച്ചെന്ന് ആരോപണത്തിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി,സംഭവം കട്ടപ്പനയിൽ
കട്ടപ്പന : സമീപവാസിയുടെ വീട്ടിൽ നിന്ന് സ്വർണ്ണമാല മോഷ്ടിച്ചുവെന്ന് ആരോപണം നേരിട്ടത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു.ഇടുക്കി പാമ്പാടുംപാറ സ്വദേശി വാഴവീട്ടിൽ കാർത്തികൻ (37) ആണ് മരിച്ചത്.ഇയാൾ ജോലി ചെയ്യുന്ന കട്ടപ്പന കടമാക്കുഴി എസ്റ്റേറ്റിലെ വീടിനുള്ളിൽ ഞായറാഴ്ച്ച രാവിലെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഈ മാസം നാലാം തിയതിയാണ് സ്വർണ്ണമാല മോഷണം പോയെന്ന് കാർത്തികന്റെ അയൽവാസി ആരോപിച്ചത്.തുടർന്ന് കഴിഞ്ഞ 19 ന് കമ്പംമെട്ട് പോലീസ് സ്റ്റേഷനിൽ അയൽവാസി പരാതിയും നൽകി.കാർത്തികനെതിരെയും പരാതിക്കാരൻ സംശയം ഉന്നയിച്ചിരുന്നു.ഇതേ തുടർന്ന് പോലീസ് കാർത്തികനെ ചോദ്യം ചെയ്യുകയും ചെയ്തു.എന്നാൽ മാല മോഷണത്തിൽ ഇദ്ദേഹത്തിന് പങ്കുള്ളതായി കണ്ടെത്തുവാൻ കഴിഞ്ഞില്ലെന്ന് ബന്ധുക്കൾ പറയുന്നു.പിന്നീട് മാല നഷ്ടപ്പെട്ടവർ പരാതിയിൽ നിന്ന് പിൻമാറുകയും ചെയ്തു.സംശയിക്കുന്നവരിൽ തന്റെ പേര് പറഞ്ഞത് കമ്പംമെട്ടിലുള്ള ബന്ധുവാണെന്ന് ആരോപിച്ച് കാർത്തികേയനും ഇവരുമായി ഇന്ന് രാവിലെ വാക്കുതർക്കമുണ്ടായി.
തുടർന്ന് കാർത്തികൻ കമ്പമെട്ട് പോലീസ് സ്റ്റേഷനിൽ വിളിച്ച് കേസ് വിവരങ്ങൾ ആരാഞ്ഞിരുന്നു.ഇതിനു ശേഷമാണ് ഇയാളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഭാര്യ പുറത്തേയ്ക്ക് പോയ സമയത്താണ് സംഭവം.കട്ടപ്പന പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.