ജില്ലയിൽ 11 വില്ലേജ് ഓഫീസുകൾ ജൂലൈ 24 ന്സ്മാർട്ടാവും
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല, ദേവികുളം, പീരുമേട് താലൂക്കുകളിലായി 11 വില്ലേജ് ഓഫീസുകൾ കൂടി ജൂലൈ 24 ന് സ്മാർട്ടാകും. ഉടുമ്പൻചോല താലൂക്കിൽ ചതുരംഗപ്പാറ, കൽക്കൂന്തൽ, പാറത്തോട്, കരുണാപുരം, ശാന്തൻപാറ
ഉടുമ്പൻചോല എന്നീ ആറ് വില്ലേജ് ഓഫീസുകളാണ് സ്മാർട്ടാകുന്നത്.
ദേവികുളം താലൂക്കിൽ
മന്നാംകണ്ടം, മാങ്കുളം, വട്ടവട, കൊട്ടക്കാമ്പൂർ എന്നീ നാല് വില്ലേജ് ഓഫീസുകളും
പീരുമേട് താലൂക്കിൽ
മഞ്ചുമല വില്ലേജ് ഓഫീസുമാണ് സ്മാർട്ടാകുന്നത്. റവന്യു വകുപ്പ്
മന്ത്രി കെ.രാജൻ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം രാവിലെ 11 മണിക്ക് ഓൺലൈനായി നിർവഹിക്കും.
“എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന റവന്യൂ വകുപ്പിന്റെ പ്രഖ്യാപിത ലക്ഷ്യം നിറവേറ്റുന്നതിനും, ജനങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യം പ്രധാനം ചെയ്യുന്നതിനും സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ നവീകരണത്തിന്റെ പാതയിലാണ്. റവന്യു വകുപ്പിലെ എല്ലാ സേവനങ്ങളും ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് എല്ലാ വില്ലേജുകളിലും സ്മാർട്ട് വില്ലേജ് ഓഫീസുകൾ നിർമ്മിക്കുന്നത്. റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം.
ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ എം.എം മണി, എ.രാജ, വാഴൂർ സോമൻ, ജില്ലാ കളക്ടർ ഷീബാ ജോർജ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ്, മറ്റ് ജനപ്രതിനിധികൾ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ വിവിധ വില്ലേജുകളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും.