തൊടുപുഴ നിയമസഭ മണ്ഡലത്തില്‍ പട്ടയ അസംബ്ലി സംഘടിപ്പിച്ചു
തൊടുപുഴ നിയമസഭ നിയോജക മണ്ഡലത്തിലെ ‘പട്ടയ അസംബ്ലി’ തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ചേര്‍ന്നു. ‘എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന സര്‍ക്കാര്‍ ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി സംസ്ഥാനത്ത് നടപ്പാക്കുന്ന പട്ടയ മിഷന് പരിപാടിയുടെ ഭാഗമായാണ് പട്ടയ അസംബ്ലി സംഘടിച്ചത്. പി ജെ ജോസഫ് എംഎല്‍എ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
അര്‍ഹരായ എല്ലാവര്ക്കും പട്ടയം നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് എം.എല്‍.എ യോഗത്തില്‍ അറിയിച്ചു. സങ്കീര്‍ണമായ നിയമപ്രശ്നങ്ങള്‍ ഉള്ളതും നിയമഭേദഗതികള്‍ വേണ്ടതുമായ വിഷയങ്ങള്‍ ‘പട്ടയ അസംബ്ലിയുടെ ശുപാര്‍ശയോടെ പട്ടയമിഷന്റെ ചുമതലയുള്ള ജില്ല-സംസ്ഥാനതല ദൗത്യ സംഘങ്ങള്‍ക്കും സര്‍ക്കാരിനും സമര്‍പ്പിക്കും. പട്ടയ വിതരണത്തിനുള്ള തടസ്സങ്ങള്‍ നീക്കുന്നതിന് അടിയന്തര നടപടി ഉണ്ടാകുമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. തൊടുപുഴ നഗരസഭ ചെയര്മാന് സനീഷ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി കളക്ടറും തൊടുപുഴ പട്ടയ അസംബ്ലി നോഡല്‍ ഓഫീസറുമായ ദീപ കെ.പി. വിഷയാവതരണം നടത്തി.
മണ്ഡലത്തിലെ വിവിധ വില്ലേജുകളില്‍ പരിഹാരം കാണേണ്ട പട്ടയ പ്രശ്നങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. പദ്ധതി പ്രദേശങ്ങളിലെ പട്ടയ പ്രശ്നങ്ങള്‍, റവന്യൂ-വനം സംയുക്ത പരിശോധന, തര്‍ക്കപരിഹാരം വേണ്ട പ്രശ്നങ്ങള്‍, കൈവശക്കാര്‍ക്ക് പട്ടയം നല്‍കുന്നതിലെ നിയമ പ്രശ്നങ്ങള്‍, വിവിധ കോളനികളിലെ പട്ടയം, കൈവശരേഖ എന്നിങ്ങനെ വിവിധ ഭൂമി പ്രശ്നങ്ങള്‍ ജനപ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചു.
മണ്ഡലത്തിലെ വിവിധ കോളനികള്‍ക്ക് പട്ടയം ലഭിക്കാത്തതിന്റെ കാരണങ്ങള്‍ പരിശോധിച്ച് വേണ്ടത് ചെയ്യണമെന്ന് അംഗങ്ങള്‍ അഭിപ്രായപെട്ടു. താലൂക്ക് തലത്തിലും ജില്ലാ തലത്തിലും പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ സംബന്ധിച്ച് പട്ടയ അസംബ്ലി നോഡല്‍ ഓഫീസറായ ദീപ കെ പിയും തഹസില്‍ദാറും പട്ടയ അസംബ്ലി കണ്‍വീനറുമായ എം. അനില്‍ കുമാറും മറുപടി നല്കി.
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി ബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പ്രൊഫ. എം. ജെ. ജേക്കബ്, ഷൈനി റെജി, മണ്ഡല പരിധിയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, തൊടുപുഴ താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ റോയി പി. ഏലിയാസ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.