ബ്ലാക്ക്മാൻ ഭീതിപരത്തുന്നു, മുന്നറിയിപ്പുമായി പോലീസ്
കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിൽ ബ്ലാക്ക്മാൻ ഭീതിപരത്തുന്നത് മോഷണത്തിനും കഞ്ചാവ് വിൽപ്പനയ്ക്കും മറയായിട്ടാണെന്ന് പോലീസ്. ഒട്ടുമിക്ക ലഹരി വിൽപ്പനക്കാരും നാട്ടുകാരായ ഇൻഫോർമാർ മുഖേന പിടിയിലാകുന്ന സാഹചര്യത്തിൽ ഭീതിപരത്തി ആളുകളെ പുറത്തിറക്കാതിരിക്കാനുള്ള തന്ത്രമാണ് ബ്ലാക്ക്മാന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. ഈ സാഹചര്യം മോഷ്ടാക്കൾക്കും സാമൂഹ്യവിരുദ്ധ പ്രവൃത്തി നടത്തുന്നവർക്കും സഹായകരമാണെന്നും അനാവശ്യമായി സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർ പിൻതിരിയണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
പോലീസ് ജാഗ്രത പാലിക്കുമ്പോഴും കണ്ണൂർ ജില്ലയുടെ മലയോര പ്രദേശങ്ങളിൽനിന്ന് ഇതുവരെ ബ്ലാക്ക്മാൻ ഭീതി ഒഴിഞ്ഞിട്ടില്ല. തേർത്തല്ലിക്ക് പിന്നാലെ ആലക്കോട് രയരോം മൂന്നാംകുന്ന് പ്രദേശത്താണ് ബ്ലാക്ക്മാൻ ഭീതിവിതയ്ക്കുന്നത്. പ്രദേശവാസികളും ആലക്കോട് പോലീസും ചേർന്ന് വ്യാപക പരിശോധന നടത്തിയെങ്കിലും അജ്ഞാത മനുഷ്യനെ കണ്ടെത്താനായില്ല. ആലക്കോട് തേർത്തല്ലി പ്രദേശത്തായിരുന്നു ആദ്യം രാത്രി സഞ്ചാരിയായ അജ്ഞാതന്റെ വിളയാട്ടം. പിന്നാലെ രയരോം മൂന്നാംകുന്ന് പ്രദേശങ്ങളിലും ബ്ലാക്ക്മാൻ പ്രത്യക്ഷപ്പെട്ടു. ഒന്നിൽകൂടുതൽ ആളുകളുണ്ടെന്നാണ് ഇപ്പോൾ പ്രദേശവാസികൾ പറയുന്നത്.
മുഖംമൂടി ധരിച്ച് രാത്രിയിൽ വീടുകളിലെത്തി വാതിലിൽ മുട്ടി ഓടിമറയുന്നതാണ് ശൈലി. മുഖംമൂടി സംഘത്തെ പിടിക്കാൻ ഉറക്കമുളച്ചു കാത്തിരിക്കുകയാണ് പ്രദേശവാസികൾ. കഴിഞ്ഞദിവസങ്ങളിൽ നാട്ടുകാർ വ്യാപക തെരച്ചിൽ നടത്തിയെങ്കിലും സംഘത്തിനെ കണ്ടെത്താനായില്ല. സന്ധ്യയാകുന്നതോടെ വീടിനു പുറത്തിറങ്ങാൻതന്നെ ഭയക്കുകയാണ് നാട്ടുകാർ.
ആലക്കോട് പോലീസും രാത്രികാലങ്ങളിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ പോലീസിന്റെ വലയിലും പെടാതെ നാട്ടുകാരെ ഭയപ്പെടുത്തി രസിക്കുകയാണ് അജ്ഞാത സംഘം. ഇതുകാരണം സ്ത്രീകളും കുട്ടികളുമെല്ലാം ഭീതിയിലാണ്. അടിയന്തരമായി ആലക്കോട് പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രദേശങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.