പുതുള്ളിയിൽ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാൻ കോൺഗ്രസിൽ ധാരണ; ഔദ്യോഗിക തീരുമാനം പിന്നീട്
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാൻ കോൺഗ്രസിൽ ധാരണ. ഔദ്യോഗിക തീരുമാനം പിന്നീട് പ്രഖ്യാപിക്കും. കുടുംബത്തിന്റെ അഭിപ്രായം കൂടി കോൺഗ്രസ് നേതൃത്വം തേടിയേക്കും. നിലവിൽ യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ദേശീയ ചെയർമാനാണ് ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിൽ പാർട്ടി ഘടകങ്ങൾ സജീവമാക്കാനും കോൺഗ്രസ് തീരുമാനിച്ചു. പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. അടുത്ത കെപിസിസി ഭാരവാഹി യോഗത്തിൽ പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രധാന ചർച്ചയാകും.
മുൻമുഖ്യമന്ത്രിയും പുതുപ്പളളി എംഎൽഎയുമായ ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ അവസാനിച്ചതിന് പിന്നാലെയാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ സജീവമായത്. മക്കളായ ചാണ്ടി ഉമ്മന്റെയും അച്ചു ഉമ്മന്റെയും പേരുകളാണ് പ്രധാനമായും ഉയർന്ന് കേട്ടിരുന്നത്. ഉമ്മൻ ചാണ്ടിക്ക് പകരക്കാരനില്ലെന്ന് ചാണ്ടി ഉമ്മൻ ഇന്നലെ പറഞ്ഞിരുന്നു. അദ്ദേഹത്തിന് പിൻഗാമിയാകാൻ ആർക്കും കഴിയില്ലെന്നും തിരഞ്ഞെടുപ്പ് കാര്യങ്ങൾ പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഇടത് മുന്നണി സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസ് തന്നെ മത്സരിച്ചേക്കുമെന്നാണ് സൂചന. ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച് ജെയ്ക് പരാജയപ്പെട്ടിരുന്നു. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളും നിലവിൽ ഭരിക്കുന്നത് ഇടത് മുന്നണിയാണ്. ഇന്ന് നടക്കുന്ന എൽഡിഎഫ് യോഗത്തിൽ പുതുപ്പള്ളി ചർച്ചയായേക്കും