അഞ്ചു പതിറ്റാണ്ടിന് ശേഷം പുതുപ്പള്ളി ഇടത്തേക്ക് ചായുമോ ? കണക്കിലെ ബലത്തില്‍ കണ്ണുനട്ട് ഉപതെരഞ്ഞെടുപ്പിലേക്ക് പുതുപ്പള്ളി !
അഞ്ചു പതിറ്റാണ്ടിന് ശേഷം പുതുപ്പള്ളി ഇടത്തേക്ക് ചായുമോ ? കണക്കിലെ ബലത്തില്‍ കണ്ണുനട്ട് ഉപതെരഞ്ഞെടുപ്പിലേക്ക് പുതുപ്പള്ളി ! മണ്ഡലത്തിലെ എട്ടു പഞ്ചായത്തില്‍ ആറിടത്തും എല്‍ഡിഎഫ് ഭരണം. ക്രൈസ്തവ ഭൂരിപക്ഷ മണ്ഡലത്തില്‍ നിര്‍ണായകമാകുക സഭാ തര്‍ക്കം തന്നെ ! ചില പഞ്ചായത്തുകളില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും ശക്തര്‍. ഉമ്മന്‍ ചാണ്ടിയോടുള്ള സ്‌നേഹം വോട്ടായാല്‍ എല്ലാം അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസും ഒരുക്കം തുടങ്ങി എല്‍ഡിഫും. കോട്ടയം: അഞ്ചു പതിറ്റാണ്ടിലേറെ ഉമ്മന്ചാണ്ടിയെ മാത്രം വിജയിപ്പിച്ച പുതുപ്പള്ളി ഇനി മണ്ഡലത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്.ഒക്ടോബർ, നവംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന മൂന്നു സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പിനൊപ്പം പുതുപ്പള്ളിയിലും ഉപതെരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്നാണ് സൂചന. 53 വർഷം ഉമ്മൻ ചാണ്ടി കൈവശം വച്ച മണ്ഡലം നിലനിർത്തുക എന്നത് യുഡിഎഫിനും തങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലം ഇനിയെങ്കിലും തിരിച്ചു പിടിക്കുക എന്നത് എൽ ഡി എഫിനും കനത്ത വെല്ലുവിളിയാണ്. പുതുപ്പള്ളി മണ്ഡല രൂപീകരണത്തിന് ശേഷം 1967 ൽ മാത്രമാണ് സി പി എമ്മിന് പുതുപ്പള്ളിയിൽ വിജയിക്കാനായുള്ളു. 1970ന് ശേഷം അവിടേക്ക് തിരിഞ്ഞു നോക്കേണ്ട സാഹചര്യം കോൺഗ്രസിനുമുണ്ടായില്ല. ഉമ്മൻ ചാണ്ടിയല്ലാതെ മറ്റാരെയും മണ്ഡലം വിജയിപ്പിച്ചുമില്ല.
എന്നാല്‍ ഇപ്പോള്‍ പൊതുവിൽ ഇടതുമുന്നണിക്ക് അനുകൂലമായ സ്ഥിതിയാണ് പുതുപ്പള്ളിയിലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പുതുപ്പള്ളി മണ്ഡലത്തിലെ 8 പഞ്ചായത്തുകളിൽ പുതുപ്പള്ളി ഉൾപ്പെടെ ആറ് പഞ്ചായത്തുകളിൽ എൽ ഡി എഫിനാണ് ഭരണം. അകലകുന്നം, കൂരോപ്പട, മണർകാട്, പാമ്പാടി, പുതുപ്പള്ളി, വാകത്താനം പഞ്ചായത്തുകളിൽ എൽ ഡി എഫാണ് ഭരണത്തിലുള്ളത്. അയർകുന്നം, മീനടം പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫ് അധികാരത്തിലുള്ളത്. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലായി ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം ഇടിഞ്ഞതും ഇടതുമുന്നണിയുടെ വോട്ടു വർധിക്കുന്നതും പുതുപ്പള്ളിയിലെ ഇടതു പ്രതീക്ഷയ്ക്ക് ചിറകു മുളയ്പ്പിക്കുന്നു. ഇന്നത്തെ സിപിഎം സെക്രട്ടറിയേറ്റ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങാൻ തീരുമാനിച്ചതും ഈ സാഹചര്യത്തിലാണ്. 2016 ൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 33,255 വോട്ടിൽ നിന്നും 27,092 വോട്ടായി കുറഞ്ഞിരുന്നു. 2021 ൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 9044 വോട്ട് മാത്രമായിരുന്നു. പാമ്പാടി, മണർകാട് പഞ്ചായത്തുകളിൽ ഇടതുമുന്നണി ഭൂരിപക്ഷവും നേടി.
ക്രൈസ്തവ ഭൂരിപക്ഷ മണ്ഡലത്തിൽ നിർണായകമാകുക സഭയുടെ വോട്ട് തന്നെ. ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തന്നെയാണ് ഭൂരിഭാഗവുമുള്ളത്. സഭാ തർക്കം എങ്ങനെ ബാലറ്റിൽ പ്രതിഫലിക്കും എന്നതും നിർണായകമാണ്. മുന്നണി മാറിയ കേരളാ കോൺഗ്രസ് എമ്മും നിർണായകമാണ്. കഴിഞ്ഞ തവണ കേരളാ കോൺഗ്രസിന്റെ മുന്നണി മാറ്റവും സഭാ തർക്കം രൂക്ഷമായതുമാണ് ഉമ്മൻ ചാണ്ടിക്ക് വിനയായത്. ഇക്കുറി ഈ വിഷയങ്ങൾ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ വന്ന സഹതാപ തരംഗത്തിൽ മറി കടക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. പക്ഷെ അതത്ര അനായാസകരമാകുമോഎന്നത് കാത്തിരുന്നു കാണേണ്ടി വരും.