ബ്രിട്ടീഷ് ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്കു തിരിച്ചടി
ബ്രിട്ടനില്‍ മൂന്നു പാര്‍ലമെന്‍റ് സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഋഷി സുനാക്കിന്‍റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതീക്ഷിച്ച പ്രകടനം കാഴ്ചവച്ചില്ല. മുൻ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എംപി സ്ഥാനം രാജിവച്ച അക്സ്ബ്രിജ്-സൗത്ത് റൈസ്ലിപ് മണ്ഡലത്തില്‍ മാത്രമാണു പാര്‍ട്ടിക്കു ജയിക്കാനായത്. അടുത്തവര്‍ഷത്തെ പൊതു തെരഞ്ഞെടുപ്പില്‍ ഋഷി സുനാക്കിന്‍റെ പാര്‍ട്ടി കനത്ത വെല്ലുവിളി നേരിടുമെന്ന സൂചനയാണ് ഉപതെരഞ്ഞെടുപ്പുഫലം നല്കുന്നത്.
പാര്‍ട്ടി ഗേറ്റ് വിവാദത്തിലെ പാര്‍ലമെന്‍റ് അന്വേഷണത്തിന്‍റെ പേരില്‍ ജോണ്‍സണ് രാജിവച്ച അക്സ്ബ്രിജ്-സൗത്ത് റൈസ്ലിപ് മണ്ഡലത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്റ്റീവ് ടക്‌വെല്‍ ആണു ജയിച്ചത്. ജോണ്‍സന്‍റെ വിശ്വസ്തൻ നൈജല്‍ ആഡംസ് രാജിവച്ച സെല്‍ബി-എയിൻസ്റ്റി മണ്ഡലത്തില്‍ പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയുടെ കെയര്‍ മാത്തെര്‍ ഇന്ത്യൻ വംശജയായ നാദിയ വിറ്റോമിനെ ഇരുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തോല്പിച്ചു. 25 വയസുള്ള കെയര്‍ മാത്തെര്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റിലെ പ്രായം കുറഞ്ഞ അംഗമാണ്.
സോമര്‍സെറ്റ്- ഫ്രോം മണ്ഡലത്തില്‍ മറ്റൊരു പ്രതിപക്ഷ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിന്‍റെ സ്ഥാനാര്‍ഥി സാറാ ഡൈക് ആണു വിജയിച്ചത്.