പിണറായി സര്‍ക്കാര്‍ അഴിമതി ഇല്ലാതാക്കുന്നു: സി വി വര്‍ഗീസ്
പിണറായി സര്‍ക്കാരുകളുടെ കാലത്ത് സിവില്‍ സര്‍വീസിലെയും പൊതുരംഗത്തെയും അഴിമതി 80 ശതമാനത്തോളം കുറച്ചതായി ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്. കേരള പിഎസ് സി എംപ്ലോയീസ് യൂണിയന്‍ ജില്ലാ സമ്മേളനം കട്ടപ്പന ഇ എം എസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരത്തെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഈ വിഭാഗങ്ങളില്‍ 80 ശതമാനത്തോളം അഴിമതിക്കാരായിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ കാലയളവ് പൂര്‍ത്തിയാക്കുമ്പോള്‍ സംസ്ഥാനത്തെ അഴിമതി പൂര്‍ണമായി തുടച്ചുനീക്കും.
മണിപ്പുരില്‍ സ്ത്രീകളെ പരസ്യമായി തെരുവില്‍ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ലോകത്തിന് മുമ്പില്‍ ഇന്ത്യയ്ക്ക് അപമാനകരമായി മാറി. ആര്‍എസ്എസ് സ്‌പോണ്‍സര്‍ ചെയ്ത കലാപത്തിന്റെ ഒടുവിലത്തെ ഇരകളാണവര്‍. തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തുടനീളം കലാപം സൃഷ്ടിക്കാനുള്ള അജണ്ടയുടെ ഭാഗമാണിത്. മണിപ്പുരില്‍ നിയമവാഴ്ച നടപ്പാകുന്നില്ല. മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്. മണിപ്പുരില്‍ സര്‍ക്കാര്‍ ഇരകളെ വേട്ടയാടുകയാണെന്നും സി വി വര്‍ഗീസ് കുറ്റപ്പെടുത്തി.
മണിപ്പുരില്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നും സംസ്ഥാനത്തെ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്നും കേരള പിഎസ് സി എംപ്ലോയീസ് യൂണിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച് കേരളത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര നയം തിരുത്തണം. പിഎസ് സിയില്‍ അധിക തസ്തികകള്‍ സൃഷ്ടിക്കണമെന്നും ജില്ലാ ഓഫീസ് കെട്ടിട നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.
പ്രസിഡന്റ് സുജിത കൃഷ്ണന്‍ പതാക ഉയര്‍ത്തി. രക്തസാക്ഷി മണ്ഡലത്തില്‍ നേതാക്കളും അംഗങ്ങളും പുഷ്പാര്‍ച്ചന നടത്തി. കട്ടപ്പന ഇ എം എസ് ഓഡിറ്റോറിയത്തില്‍ ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സുജിത കൃഷ്ണന്‍ അധ്യക്ഷയായി. രജനി രവീന്ദ്രന്‍ രക്തസാക്ഷി പ്രമേയവും പി യു അജീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം കെ ആര്‍ ഷാജിമോന്‍, പിഎസ് സി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി കെ വി സുനുകുമാര്‍, സംസ്ഥാന സെക്രട്ടറിയറ്റംഗം എം ആര്‍ രഞ്ജിത്ത്, ജില്ലാ സെക്രട്ടറി സി ജെ ജോണ്‍സണ്‍, ട്രഷറര്‍ ജോസഫ് ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: സി ജെ ജോണ്‍സണ്‍(പ്രസിഡന്റ്), സീമ തങ്കച്ചി(സെക്രട്ടറി), കെ രജനി രവീന്ദ്രന്‍(ട്രഷറര്‍), പി യു അജീഷ്(വൈസ് പ്രസിഡന്റ്), ശാന്തി സ്വരൂപ്(ജോയിന്റ് സെക്രട്ടറി).